CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 37 Minutes 3 Seconds Ago
Breaking Now

മതനിന്ദാപരമായ' ഉള്ളടക്കം സംപ്രേഷണം ചെയ്‌തെന്ന് ആരോപണം: പാകിസ്താനില്‍ ജിയോ ന്യൂസിന് 15 ദിവസം വിലക്ക്

ഒരു എഡിറ്റോറിയല്‍ പിഴവാണെന്ന് സമ്മതിച്ച ജിയോ ന്യൂസ് വിഷയത്തില്‍ മാപ്പ് പറഞ്ഞിരുന്നു.

'മതനിന്ദാപരമായ' ഉള്ളടക്കം സംപ്രേഷണം ചെയ്‌തെന്നാരോപിച്ച് പാകിസ്താനിലെ പ്രമുഖ വാര്‍ത്താ ചാനലായ ജിയോ ന്യൂസിന് 15 ദിവസത്തേക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തി. പാകിസ്താനിലെ മാധ്യമ നിയന്ത്രണ അതോറിറ്റിയായ PEMRAയാണ് നടപടി സ്വീകരിച്ചത്. മുഹറം പ്രത്യേക പരിപാടികളുടെ ഭാഗമായി ജൂണ്‍ 26-ന് സംപ്രേഷണം ചെയ്ത 'സഫര്‍-എ-ഇഷ്‌ക്' എന്ന പരിപാടിയില്‍ മതവികാരം വ്രണപ്പെടുത്താന്‍ സാധ്യതയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് PEMRAയുടെ ആരോപണം. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ഈ നടപടി രാജ്യത്തെ 'ഹൈബ്രിഡ് ഭരണകൂടത്തിന്റെ' മറ്റൊരു ഉദാഹരണമാണെന്നാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

പരിപാടിയില്‍ ഉപയോഗിച്ച ചില മതപരമായ ദൃശ്യാവിഷ്‌കാരങ്ങള്‍ പ്രേക്ഷകരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും പൊതുസമാധാനത്തിനും നിയമ-ക്രമത്തിനും ഭീഷണിയാകാനും സാധ്യതയുള്ളതായിരുന്നു എന്നാണ് പ്രസ്താവനയിലൂടെ PEMRA വ്യക്തമാക്കിയിരിക്കുന്നത്.

സംഭവിച്ചത് ഒരു എഡിറ്റോറിയല്‍ പിഴവാണെന്ന് സമ്മതിച്ച ജിയോ ന്യൂസ് വിഷയത്തില്‍ മാപ്പ് പറഞ്ഞിരുന്നു. ഇറാഖിലും പശ്ചിമേഷ്യയിലെ ചില പ്രദേശങ്ങളിലും വളരെ ചെറിയൊരു വിഭാഗം ആളുകള്‍ പിന്തുടരുന്ന മതാചാരങ്ങളെ രേഖപ്പെടുത്തുന്നതിനായി മാത്രമായിരുന്നു സംപ്രേഷണം ചെയ്ത ദൃശ്യങ്ങളുടെ ഉദ്ദേശം എന്നായിരുന്നു ചാനലിന്റെ വിശദീകരണം. ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തെയോ വ്യാഖ്യാനത്തെയോ പിന്തുണയ്ക്കാനോ പ്രോത്സാഹിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ചാനല്‍ വ്യക്തമാക്കി. ഈ സംഭവം സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ നയത്തെയോ ആശയപരമായ നിലപാടിനെയോ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ജിയോ ന്യൂസ് അറിയിച്ചു. വിവാദ ദൃശ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്തതായും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ചാനല്‍ അറിയിച്ചിട്ടുണ്ട്. എഡിറ്റോറിയല്‍ പരിശോധന ശക്തിപ്പെടുത്തുന്നതിനായി അധിക പരിശോധനാ സംവിധാനങ്ങളും ജീവനക്കാര്‍ക്ക് പരിശീലനവും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളും നടപ്പാക്കുമെന്നും ചാനല്‍ വ്യക്തമാക്കി.

നേരത്തെമേയ് മാസത്തില്‍ ഗായിക ആശാ ഭോസ്ലെയുമായി ബന്ധപ്പെട്ട ഉള്ളടക്കം സംപ്രേഷണം ചെയ്തതിന്റെ പേരിലും PEMRA ജിയോ ന്യൂസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് ജിയോ ന്യൂസിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉയരുന്ന ഘട്ടങ്ങളില്‍ പാകിസ്താനിലെ ടെലിവിഷന്‍ ചാനലുകള്‍ക്ക് വിലക്കുകളും നിയന്ത്രണങ്ങളും പതിവായി നേരിടേണ്ടി വരാറുണ്ട്. 'റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' (RSF) പ്രസിദ്ധീകരിച്ച 2026-ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍, 180 രാജ്യങ്ങളില്‍ പാകിസ്താന്‍ 153-ാം സ്ഥാനത്താണ്.

 




കൂടുതല്‍വാര്‍ത്തകള്‍.