CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 25 Seconds Ago
Breaking Now

ഹോര്‍മുസില്‍ ഇറാനിയന്‍ കപ്പലുകള്‍ക്ക് പൂര്‍ണ്ണ ഉപരോധം പ്രഖ്യാപിച്ച് യുഎസ്

ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകള്‍ക്ക് നേരത്തെ നിശ്ചയിച്ചിരുന്ന 20 ശതമാനം ടോള്‍ ഈടാക്കാനുള്ള തീരുമാനം അമേരിക്ക പിന്‍വലിച്ചു

ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരത്തിന് പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകള്‍ക്കും, ഇറാനിയന്‍ ചരക്കുകള്‍ വഹിക്കുന്ന കപ്പലുകള്‍ക്കും ഈ വിലക്ക് ബാധകമായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാനൊഴികെയുള്ള രാജ്യങ്ങള്‍ക്കുള്ള കപ്പല്‍ ഗതാഗതത്തിനായി ഹോര്‍മുസ് പാത തുറന്നുനല്‍കുമെന്നും യുഎസ് പ്രസിഡന്റ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകള്‍ക്ക് നേരത്തെ നിശ്ചയിച്ചിരുന്ന 20 ശതമാനം ടോള്‍ ഈടാക്കാനുള്ള തീരുമാനം അമേരിക്ക പിന്‍വലിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ട്രംപിന്റെ പിന്മാറ്റം. യുഎസിന്റെ 20 ശതമാനം റീഇംബേഴ്‌സ്‌മെന്റ് ഫീസിന് പകരം, വിവിധ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മില്‍ വ്യാപാര - നിക്ഷേപ കരാറുകളില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളില്‍നിന്ന് 20 ശതമാനം ടോള്‍ ഈടാക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്.

എന്നാല്‍ ഗള്‍ഫ് നേതാക്കളുമായി നടത്തിയ ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, യുഎസിന്റെ 20 ശതമാനം റീഇംബേഴ്‌സ്‌മെന്റ് ഫീസിന് പകരം, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയില്‍ നടത്തുന്ന വ്യാപാര - നിക്ഷേപ കരാറുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി ട്രംപ് പറയുന്നു. നിക്ഷേപങ്ങള്‍ വളരെ വലുതായിരിക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അസാധാരണമാംവിധം നല്ലതായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ക്രൂരവും അക്രമാസക്തവുമായ ഭരണകൂടം രാജ്യത്തെ പൂര്‍ണ്ണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാന്‍ ഇനി ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.