
















കടുത്ത പ്രതികാര പ്രഖ്യാപനവുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി. നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യുമെന്നാണ് പ്രഖ്യാപനം. പ്രതികാരം എന്നത് രാജ്യത്തിന്റെ ഒന്നടങ്കമുള്ള ആഗ്രഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ടെലിഗ്രാം അക്കൗണ്ടിലൂടയാണ് മൊജ്തബ സന്ദേശം പങ്കുവച്ചത്. ഖമനയിയുടെ മയ്യിത്ത് ജന്മദേശമായ മശ്ഹദിലെ ഇമാം റിസാ കുടീരത്തില്‍ ഖബറടക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. പിതാവിന്റെയും യുദ്ധങ്ങളില്‍ രക്തസാക്ഷികളായവരുടേയും രക്തത്തിന് പ്രതികാരം ചെയ്യും. ഞങ്ങള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഇത് സാധ്യമാകും. വൈകാതെ ലോകത്തിലെ എല്ലാ സ്വതന്ത്ര മനുഷ്യരും ഈ ദൗത്യത്തിന്റെ ഒരു ഭാഗം നിറവേറ്റും, അദ്ദേഹം സന്ദേശത്തില്‍ പറയുന്നു. പിതാവിന്റെ വിലാപയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും അറിയിച്ചു.