
















ഇറാനുമായുള്ള സൈനിക സംഘര്‍ഷം അവസാനിച്ചിട്ടില്ല എന്ന കടുത്ത മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, രാജ്യം പുതിയ സുരക്ഷാ വെല്ലുവിളികളെയാണ് നേരിടുന്നതെന്ന് വ്യാഴാഴ്ച അദ്ദേഹം വ്യക്തമാക്കി. ഹറ്റ്സെറിം എയര്‍ഫോഴ്‌സ് ബേസില്‍ നടന്ന ഇസ്രായേല്‍ വ്യോമസേനയുടെ ഗ്രാജുവേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.
ഇസ്രായേലിന്റെ ആകാശ മേധാവിത്വം നിലനിര്‍ത്തുക എന്നത് രാജ്യത്തിന്റെ ദേശീയ സുരക്ഷാ നയത്തിന്റെ അടിസ്ഥാന തൂണാണെന്നും, മിഡ് ഈസ്റ്റില്‍ തങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച യുഎസ്-ഇറാന്‍ ധാരണാപത്രം പൂര്‍ണ്ണമായി അവസാനിച്ചു എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഈ പുതിയ പ്രസ്താവന.
പ്രധാനമന്ത്രി നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെ, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിറും വ്യക്തമാക്കി. 'ഇറാനെതിരെയുള്ള സൈനിക പോരാട്ടം ഇനിയും തീര്‍ന്നിട്ടില്ല. പുതിയ ഓപ്പറേഷന്‍ പ്ലാനുകള്‍ സൈന്യം ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ വലിയ തോതിലുള്ള ശക്തമായ സൈനിക നടപടികള്‍ നമുക്ക് മുന്നിലുണ്ടാകും.' - ഇസ്രായേല്‍ സൈനിക മേധാവി വ്യക്തമാക്കി. യുഎസ് പ്രത്യാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഇസ്രായേല്‍ കൂടി നേരിട്ടുള്ള വലിയ യുദ്ധ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത് മിഡില്‍ ഈസ്റ്റിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക ഉയരുകയാണ്.