
















തെലങ്കാനയില്‍ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടര്‍ന്ന് 17 വയസ്സുള്ള വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 440-ല്‍ 434 മാര്‍ക്ക് നേടി ഈ വിദ്യാര്‍ത്ഥി ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഒരു മാര്‍ക്ക് കൂടുതല്‍ നേടിയ മറ്റൊരു വിദ്യാര്‍ത്ഥിയുമായി ക്ലാസ്സില്‍ വെച്ച് അധ്യാപിക ഇയാളെ താരതമ്യം ചെയ്യുകയും, ഇതിനെ വിദ്യാര്‍ത്ഥി ചോദ്യം ചെയ്തപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.
അപമാനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി രണ്ട് ദിവസമായി കോളേജില്‍ പോയിരുന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ച വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. അധ്യാപികയില്‍ നിന്നുണ്ടായ അപമാനമാണ് തീരുമാനത്തിന് കാരണമെന്നും, വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അധ്യാപികയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു.
സംഭവത്തില്‍ സഹപാഠികള്‍, കോളേജ് അധികൃതര്‍, ബന്ധുക്കള്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്. ഈ സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.