CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 28 Seconds Ago
Breaking Now

വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനകം അധ്യാപികയുടെ മരണം; ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കുമെതിരെ കേസ്

വീട്ടില്‍ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും സൃഷ്ടിയെയാണ് കുറ്റപ്പെടുത്തുകയും, 'ദൗര്‍ഭാഗ്യം കൊണ്ടുവന്നവള്‍' എന്ന രീതിയില്‍ അപമാനിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനകം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും നണന്ദിക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മരിക്കുന്നതിന് മുമ്പ് അമ്മയ്ക്കായി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍, മാസങ്ങളായി നേരിട്ട മാനസിക പീഡനമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് യുവതി ആരോപിച്ചു.

2025 നവംബറിലാണ് സൃഷ്ടി കന്ധാരി സൗരഭ് റാത്തൂരിനെ വിവാഹം കഴിച്ചത്. മരണത്തിന് തൊട്ടുമുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍, കഴിഞ്ഞ ആറുമാസമായി നിരന്തരമായ മാനസിക പീഡനം സഹിക്കുകയാണെന്നും ഇനി അതിനെ നേരിടാന്‍ കഴിയില്ലെന്നും സൃഷ്ടി കണ്ണീരോടെ പറയുന്നു.

'അമ്മേ, എന്നോട് ക്ഷമിക്കണം. ഞാന്‍ പോകുകയാണ്. കഴിഞ്ഞ ആറുമാസമായി ഞാന്‍ ഇതെല്ലാം സഹിക്കുകയാണ്. ഇനി എനിക്ക് ഇത് താങ്ങാനാവില്ല. ഇവരുടെ ചിന്താഗതി ഒരിക്കലും മാറില്ല. വിവാഹം കഴിഞ്ഞത് മുതല്‍ എന്നെ നിരന്തരം കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുകയാണ്,' എന്നാണ് വീഡിയോയില്‍ സൃഷ്ടി പറയുന്നത്.

സൃഷ്ടിയുടെ അമ്മ സീമ കന്ധാരി നല്‍കിയ പരാതിയില്‍, വിവാഹശേഷം മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിക്കുന്നു. വീട്ടില്‍ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും സൃഷ്ടിയെയാണ് കുറ്റപ്പെടുത്തുകയും, 'ദൗര്‍ഭാഗ്യം കൊണ്ടുവന്നവള്‍' എന്ന രീതിയില്‍ അപമാനിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

വിവാഹത്തിന് ഏതാനും മാസങ്ങള്‍ക്കുശേഷം സൃഷ്ടിയുടെ ഭര്‍തൃപിതാവിന് ഹൃദയാഘാതമുണ്ടായതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായതെന്നും കുടുംബം ആരോപിച്ചു. ഒരു പുരോഹിതന്റെ ഉപദേശത്തെ തുടര്‍ന്ന് സൃഷ്ടി കുടുംബത്തിന് നിര്‍ഭാഗ്യം കൊണ്ടുവന്നയാളാണെന്ന് വിശ്വസിച്ച ഭര്‍തൃവീട്ടുകാര്‍ അവര്‍ക്കെതിരായ മാനസിക പീഡനം കൂടുതല്‍ ശക്തമാക്കിയെന്നാണ് ആരോപണം. തുടര്‍ന്ന്, സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അമ്മായിയപ്പന്‍ മരിച്ചതോടെ പീഡനം കൂടുതല്‍ രൂക്ഷമായതായും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ്, അമ്മായിയമ്മ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും വീഡിയോ സന്ദേശത്തിന്റെ ആധികാരികതയെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.