CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 35 Seconds Ago
Breaking Now

'വഴിയെ പോയവനെ വിളിച്ചുവരുത്തി സദ്യ കൊടുത്തിട്ട് വീട്ടില്‍ ചോറില്ലേ എന്ന് ചോദിക്കരുത്'; മന്ത്രി ജോണിന് സന്തോഷ് പണ്ഡിറ്റ് മറുപടി

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങിയ ശേഷം അത് ഉപയോഗിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

'കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര വേണമെന്ന് കേരളത്തിലെ ഒരു സ്ത്രീയും സര്‍ക്കാരിനോട് വന്ന് ഇരന്നിട്ടില്ല. യുഡിഎഫിന്റെ പ്രഖ്യാപിത വാഗ്ദാനമായിരുന്നു ഇന്ദിരാ ഗ്യാരണ്ടിയും സൗജന്യ യാത്രയും. അതുപറഞ്ഞ് സ്ത്രീകളുടെ വോട്ട് മേടിച്ച ശേഷം കിട്ടിയ സൗജന്യം ഉപയോഗിക്കുന്ന ജനങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ എന്ത് കാര്യമാണുള്ളത്,' സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി സദ്യ നല്‍കിയ ശേഷം നിന്റെയൊന്നും വീട്ടില്‍ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം കുറിച്ചു. സര്‍ക്കാരിന് സാമ്പത്തിക സ്ഥിതിയോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ലാതെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിന്റെ പ്രത്യാഘാതമാണിതെന്നും, തുഗ്ലക്ക് ഭരണപരിഷ്‌കാരം പോലെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും യാത്ര, പെന്‍ഷന്‍, ആശുപത്രി ബില്ലുകള്‍ തുടങ്ങി സകല ചെലവുകളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നടത്തുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനങ്ങള്‍ക്ക് ഫ്രീയല്ല,മറിച്ച് തുല്യതയാണ് ആവശ്യമെന്നും തമിഴ്നാടും കര്‍ണാടകയും അടക്കമുള്ള അയല്‍സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അപമാനകരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.