
















പത്ത് രോഗികളെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം ശിക്ഷ നേരിടുന്ന കൊലയാളി നഴ്‌സ് കൂടുതല്‍ ആളുകളെ കൊലപ്പെടുത്തിയതായി സംശയം. നൂറോളം രോഗികളുടെ ദുരൂഹ മരണത്തിന് പിന്നില്‍ കൊലയാളി നഴ്‌സിന്റെ കരങ്ങളുണ്ടെന്ന സംശയത്തിലാണ് അന്വേഷണം.
ജര്‍മ്മനിയിലെ മുന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സുമായുള്ള ബന്ധമുള്ള 121 കേസുകളാണ് പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിക്കുന്നത്. പ്രായമായ രോഗികള്‍ക്ക് മാരകമായ തോതില്‍ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് നഴ്‌സ് ജയിലായത്.
പുതിയ സംശയങ്ങളുടെ പേരില്‍ ഇതിനകം 40 മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ച് കഴിഞ്ഞു. പുരുഷ നഴ്‌സിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താന്‍ സാധ്യതയുള്ളതായി പ്രോസിക്യൂട്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെസ്റ്റേണ്‍ ജര്‍മ്മനിയിലെ എയ്‌ചെനിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഉള്‍റിച്ച്. എസ് എന്നയാളാണ് കൊലയാളിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്ത് കൊലപാതകങ്ങളും, 27 വധശ്രമങ്ങളും തെളിഞ്ഞതോടെ ഉള്‍റിച്ചിനെ കഴിഞ്ഞ നവംബറില്‍ ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. രാത്രി ഷിഫ്റ്റുകളില്‍ പ്രായമായ രോഗികള്‍ക്ക് ഉറക്കമരുന്നും, പെയിന്‍കില്ലറും അമിതമായ ഡോസില്‍ കുത്തിവെച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ജോലി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നഴ്‌സ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. രാത്രി കാലങ്ങളില്‍ രോഗികള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കേണ്ട ബുദ്ധിമുട്ടും എളുപ്പവഴിക്ക് ഒഴിവാക്കിയാണ് ഇയാള്‍ അകത്തായത്.