
















ഫിലാഡല്‍ഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓര്‍മ്മ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസണിനു ഫിലാഡല്‍ഫിയായില്‍ ഔദ്യോഗിക കിക്കോഫ് നടക്കും.
ഓഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം 6.45ന് ഫിലാഡല്‍ഫിയ സെയിന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'An Evening of Celebration, Partnership & Community' എന്ന പരിപാടിയോടെയാണ് യു.എസ്. കിക്കോഫ്. ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 4 കിക്കോഫ്, ഇന്ത്യയുടെ 80-താം സ്വാതന്ത്ര്യദിനാഘോഷം, ചാനല്‍ 24ന്റെ Million Malayalee Club (MMC) സംരംഭത്തിന്റെ സൈനിംഗ്-ഇന്‍ എന്നീ മൂന്ന് പ്രധാന പരിപാടികളാണ് ഒരേ വേദിയില്‍ നടക്കുന്നത്.
ഈ പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 24 News Editor-in-Charge പി. പി. ജെയിംസ്, C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെര്‍ണാണ്ടസ്, പെന്‍സില്‍വാനിയ കോമണ്‍വെല്‍ത്തിന്റെ മുന്‍ സ്പീക്കര്‍ ജോണ്‍ പെര്‍സല്‍, ഫിലാഡല്‍ഫിയ പോലീസ് സെര്‍ജന്റ് ബ്ലെസ്സണ്‍ മാത്യു, ഫൊക്കാനയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഫിലാഡല്‍ഫിയയിലെയും അമേരിക്കയിലെയും പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളും ഓഗസ്റ്റ് 19ലെ പരിപാടിയില്‍ പങ്കെടുക്കും. MAP, KALAA, PAMPA, WMC, PIANO, Kottayam Asosciation, PATH, FOMAA, FOKANA, World Malayalee Federation എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ സന്നിഹിതരാകും. ഓര്‍മ്മ സീസണ്‍ 4ന്റെ വിജയത്തിനായി സംഘടനകളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനൊപ്പം വിവിധ മലയാളി സംഘടനകളെയും സാമൂഹിക-സാംസ്‌കാരിക നേതാക്കളെയും ഒരുമിപ്പിക്കുന്ന ഒരു മാതൃകാ വേദിയായി ഈ പരിപാടി മാറും.
ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സീസണ്‍ 4ന് വേള്‍ഡ് മലയാളി ഫെഡറേഷനുമായി (WMF) പുതിയതും കൂടുതല്‍ ആഴത്തിലുള്ളതുമായ സഹകരണം ഈ സീസണിലെ പ്രധാന പ്രത്യേകതകളിലൊന്നാണ്. WMFന്റെ ആഗോള ശൃംഖലയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുമായുള്ള ബന്ധവും പ്രയോജനപ്പെടുത്തി കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികളെ മത്സരത്തിന്റെ ഭാഗമാക്കാനും പ്രസംഗ-നേതൃത്വ പരിശീലനത്തിന് അന്താരാഷ്ട്ര വേദി ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്.
സീസണ്‍ 4ല്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ മത്സരം നടക്കും. നാല് ഘട്ടങ്ങളിലായാണ് മത്സരപരമ്പര സംഘടിപ്പിക്കുന്നത്. സീസണ്‍ 4ന്റെ പ്രത്യേകതയായി സബ് ജൂനിയര്‍ വിഭാഗത്തിനായി ഓണ്‍ലൈന്‍ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം പരിശീലനവും നല്‍കുന്ന ഓര്‍മ്മയുടെ പ്രത്യേക മാതൃക സീസണ്‍ 4ലും തുടരും. ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുന്നതിനാണ് പരിശീലനത്തിന് പ്രാധാന്യം നല്‍കുന്നത്.
ആദ്യ സീസണില്‍ 428 പേരും, രണ്ടാം സീസണില്‍ 1467 പേരും, മൂന്നാം സീസണില്‍ ഏകദേശം 1650 പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരത്തില്‍ പങ്കെടുത്തിരുന്നു. മുന്‍ സീസണുകളിലെ വലിയ പ്രതികരണത്തിന് പിന്നാലെ WMF ഉള്‍പ്പെടെയുള്ള ആഗോള മലയാളി സംഘടനകളുടെ സഹകരണത്തോടെ നാലാം സീസണില്‍ ഈ പങ്കാളിത്തം കൂടുതല്‍ വിപുലമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
സീസണ്‍ 4ന്റെ ഗ്രാന്‍ഡ് ഫിനാലെ 2027 ഓഗസ്റ്റില്‍ പാലായില്‍ നടക്കും. സെപ്‌റ്റെംബര്‍ 15ന് ആരംഭിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തിന്റെ രജിസ്‌ട്രേഷനും മറ്റ് വിശദവിവരങ്ങളും ഉടന്‍ www.ormaspeech.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
കേരളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രചാരണത്തിന് തുടക്കം
സീസണ്‍ 4ന്റെ അന്താരാഷ്ട്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേരളത്തില്‍ ആരംഭിച്ചിരുന്നു. ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സീസണ്‍ 4ന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ''വാഗ്മിത്വത്തിലേക്ക് ഒരു ചുവട്'' എന്ന പ്രചാരണ പരിപാടി കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ സീസണ്‍ 4ന്റെ കേരളത്തിലെ പോസ്റ്റര്‍ ലോഞ്ചിംഗിന് തുടക്കം കുറിച്ചു.
തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റര്‍ ലോഞ്ചിംഗ് പരിപാടികളില്‍ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠന്‍ നായര്‍, വിസാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ രാജു കുര്യന്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയുടെ ഭാഷാപാടവവും ചിന്താശേഷിയും അവതരണ മികവും വളര്‍ത്തുന്നതില്‍ ഓര്‍മ്മയുടെ അന്തര്‍ദേശീയ പബ്ലിക് സ്പീക്കിംഗ് സംരംഭത്തിന്റെ പ്രാധാന്യം ഈ പ്രചാരണ പരിപാടികളില്‍ പ്രമുഖര്‍ ചൂണ്ടിക്കാണിച്ചു.
കേരളത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓര്‍മ്മ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാണിവയലില്‍, ട്രഷറര്‍ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രൊഫ. ടോമി ചെറിയാന്‍, ജോര്‍ജ് കരുണക്കല്‍, ഡോ. ബെന്നി കുര്യന്‍, സോയി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തില്‍ ആരംഭിച്ച ഈ പ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് ഫിലാഡല്‍ഫിയയില്‍ സീസണ്‍ 4ന്റെ യു.എസ്. കിക്കോഫ് നടക്കുന്നത്.
പരിപാടിയുടെ ഏകോപനം
ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, ട്രഷറര്‍ റോഷന്‍ പ്ലാമൂട്ടില്‍, പബ്ലിക് ആന്‍ഡ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് ചെയര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍, ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മെര്‍ലിന്‍ മേരി അഗസ്റ്റിന്‍, ഫിലാഡെല്‍ഫിയ ചാപ്റ്റര്‍ പ്രെസിഡന്റ് ഷൈല രാജന്‍, ജോയിന്റ് സെക്രട്രി സെബിന്‍ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് ഓഗസ്റ്റ് 19ലെ പരിപാടി സംഘടിപ്പിക്കുന്നത്.
ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ ഭാരവാഹികളും ടാലന്റ് പ്രമോഷന്‍ ഫോറം ടീമും WMF ഉള്‍പ്പെടെയുള്ള വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും സംയുക്തമായി സീസണ്‍ 4ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്.
തീയതി: 2026 ഓഗസ്റ്റ് 19, ബുധനാഴ്ച
സമയം: വൈകുന്നേരം 6.45 മുതല്‍
വേദി: സാന്തോം ഓഡിറ്റോറിയം, സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ കത്തോലിക്കാ പള്ളി, 608 Welsh Road, Philadelphia, PA 19115
പ്രധാന പരിപാടികള്‍:
ORMA International Speech Competition - Seaosn 4 Kickoff | 80th Indian Independence Day Celebration | Million Malayalee Club (MMC) Signing-In
കൂടുതല്‍ വിവരങ്ങള്‍: www.ormaspeech.org
PRO: മെര്‍ളിന്‍ മേരി അഗസ്റ്റിന്‍