
















ഇംഗ്ലീഷ് ചാനലില്‍ വച്ച് ബ്രിട്ടീഷ് കമാന്‍ഡോകള്‍ പിടികൂടിയ ഇന്ത്യന്‍ നാവികന്റെ ഭാര്യ രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നതോടെ റഷ്യന്‍ ഷാഡോ ഫ്‌ളീറ്റ് വിവാദം ചര്‍ച്ചയാകുന്നു. ബ്രിട്ടീഷ് കമാന്‍ഡോകള്‍ തന്റെ ഭര്‍ത്താവിനെ ബലിയാടാക്കുന്നുവെന്ന ആരോപണവുമായി ഇന്ത്യന്‍ നാവികന്‍ ക്യാപ്റ്റന്‍ അജയ് പന്തിന്റെ ഭാര്യ റിതു പന്ത് രംഗത്തെത്തി. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ സ്വദേശിയായ അജയ് പന്ത് ഇപ്പോള്‍ യുകെയുടെ കസ്റ്റഡിയിലാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഉപരോധം ലംഘിച്ചെന്നാരോപിച്ചാണ് എണ്ണക്കപ്പലും ജീവനക്കാരേയും ബ്രിട്ടീഷ് കമാന്‍ഡോകള്‍ പിടികൂടിയത്. യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ മറികടക്കാന്‍ റഷ്യ ഉപയോഗിക്കുന്ന രഹസ്യ കപ്പല്‍ ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലെന്നാണ് ആരോപണം. റഷ്യയിലെ ഉസ്ത് ലൂഗ തുറമുഖത്തു നിന്ന് ജൂണ്‍ 5ന് ഈജിപ്തിലെ പോര്‍ട്ട് സെയ്ദിലേക്ക് പുറപ്പെട്ടതായിരുന്നു എം വി സ്മിര്‍ട്ടോസ് എന്ന എണ്ണ ടാങ്കര്‍. ജൂണ്‍ 14നാണ് ബ്രിട്ടീഷ് കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി കപ്പല്‍ വളഞ്ഞ് നാവികനെ കൊണ്ടുപോയത്. 98000 ടണ്‍ എണ്ണയാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചെങ്കിലും ക്യാപ്റ്റന്‍ പന്തിനെതിരെ മാത്രമാണ് യുകെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തന്റെ ഭര്‍ത്താവ് തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് എത്തിപ്പെടുകയായിരുന്നുവെന്ന് ഭാര്യ ഋതു പറഞ്ഞു. കപ്പല്‍ ഉടമകളുടെ നിര്‍ദ്ദേശപ്രകാരം ചരക്ക് സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്ന ചുമതല ക്യാപ്റ്റന്‍ നിര്‍വഹിച്ചതെന്നും വാണിജ്യപരമായ കരാറുകളില്‍ അദ്ദേഹത്തിന് പങ്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കുന്നത്.
റഷ്യയ്‌ക്കെതിരായ ഉപരോധം മറികടക്കാന്‍ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. ഡിസംബര്‍ 15നാണ് കേസില്‍ വിചാരണ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ലണ്ടനിലെ ഇന്ത്യന്‍ കമ്മീഷണര്‍ കേസ് നിരീക്ഷിച്ചുവരികയാണ്.
യൂറോപ്പില്‍ ഒരു കപ്പല്‍ ക്യാപ്റ്റനെതിരെ നേരിട്ട് ഉപരോധ ലംഘനത്തിന് ക്രിമിനല്‍ കേസെടുക്കുന്നത് ഇതാദ്യമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ തങ്ങള്‍ ബലിയാടാകുമോ എന്ന ആശങ്കയിലാണ് നാവികര്‍. കപ്പലില്‍ കൊണ്ടുപോകുന്ന ചരക്ക് ഉപരോധ പട്ടികയില്‍ ഉള്ളതാണോ എന്ന് സാധാരണ നാവികര്‍ക്ക് എപ്പോഴും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല.