CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Hours 30 Minutes 30 Seconds Ago
Breaking Now

200 പേരെ തിരിച്ചയയ്ക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി; മൂന്ന് വര്‍ഷത്തിനിടെ നാടുകടത്തിയത് വെറും 13 പേരെ

ബ്രിട്ടീഷ് ജയിലുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023ല്‍ അല്‍ബേനിയയുമായി ബ്രിട്ടന്‍ 80 ലക്ഷം പൗണ്ടിന്റെ കരാര്‍ ഒപ്പിട്ടിരുന്നു.

ബ്രിട്ടനിലെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി അപകടകാരികളായ വിദേശ തടവുകാരെ മോചിപ്പിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള പദ്ധതിയില്‍ വന്‍ വീഴ്ച. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പദ്ധതിയുടെ ഭാഗമായി തിരിച്ചയച്ചത് വെറും 13 പേരെ മാത്രമാണെന്ന് റിപ്പോര്‍ട്ട്.ബ്രിട്ടീഷ് ജയിലുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023ല്‍ അല്‍ബേനിയയുമായി ബ്രിട്ടന്‍ 80 ലക്ഷം പൗണ്ടിന്റെ കരാര്‍ ഒപ്പിട്ടിരുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് നാല് വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ച അല്‍ബേനിയന്‍ പൗരന്മാരെ തിരിച്ചയക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ഇതിലൂടെ ജയിലുകളിലെ സമ്മര്‍ദം കുറയ്ക്കുന്നതിനൊപ്പം സര്‍ക്കാര്‍ ഖജനാവിന് വലിയൊരു തുക ലാഭിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കരാര്‍ നിലവില്‍ വന്ന് മൂന്ന് വര്‍ഷത്തോട് അടുക്കുമ്പോഴും 13 തടവുകാരെ മാത്രമാണ് പദ്ധതിപ്രകാരം അല്‍ബേനിയയിലേക്ക് തിരിച്ചയച്ചതെന്നാണ് റിപ്പോര്‍ട്ട്.

അല്‍ബേനിയന്‍ നീതിന്യായ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

അല്‍ബേനിയന്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 1,200നും 1,500നും ഇടയില്‍ അല്‍ബേനിയന്‍ പൗരന്മാര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ബ്രിട്ടീഷ് ജയിലുകളില്‍ കഴിയുന്നുണ്ട്. ബ്രിട്ടനിലെ ആകെ വിദേശ തടവുകാരുടെ ഏകദേശം 10 ശതമാനത്തോളം വരുമിത്.

തടവുകാരെ തിരിച്ചയക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അല്‍ബേനിയന്‍ സര്‍ക്കാരിന്റെയും അനുമതി ആവശ്യമാണ്. ഇവരില്‍ പലരും അനധികൃതമായി ബ്രിട്ടനിലെത്തിയവരായതിനാല്‍ തിരിച്ചയക്കുന്നതിനാവശ്യമായ തിരിച്ചറിയല്‍ രേഖകളും മറ്റ് നിയമപരമായ രേഖകളും തയ്യാറാക്കുന്നതും വലിയ വെല്ലുവിളിയാണെന്നാണ് റിപ്പോര്‍ട്ട്.

ജയിലുകളിലെ അമിത തിരക്ക് കുറയ്ക്കാനും വിദേശ കുറ്റവാളികളെ വേഗത്തില്‍ തിരിച്ചയക്കാനുമുള്ള സര്‍ക്കാര്‍ പദ്ധതിയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതാണ് പുതിയ കണക്കുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.