
















മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ബാരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം കേരളീയ സംസ്‌കാരത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമായി മാറി. വെയില്‍ ഓഫ് ഗ്ലാമോര്‍ഗന്‍ എം.പി.യും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രിയുമായ കനിഷ്‌ക നാരായണ്‍ ചടങ്ങില്‍ ചീഫ് ഗസ്റ്റ് ആയി പങ്കെടുത്തു.

ആഗസ്റ്റ് 22ന് ശനിയാഴ്ച ബാരിയില്‍ നടന്ന പരിപാടിയില്‍ യുകെയിലെ എ ഐ മന്ത്രി ശ്രീ കനിഷ്‌ക നാരായണ്‍ മുഖ്യാതിഥിയും ആയപ്പോള്‍ വെയില്‍ ഓഫ് ഗ്ളാമോര്‍ഗന്‍ മേയര്‍ കൗണ്‍സിലര്‍ കേറീസ് സ്റ്റെല്ലാര്‍ഡ് വിശിഷ്ടാതിഥിയും ആയിരുന്ന ഉല്‍ഘാടന ചടങ്ങില്‍ യുക്മ ദേശീയ കമ്മിറ്റി അംഗം കൗണ്‍സിലര്‍ ബെന്നി അഗസ്റ്റിന്‍, സൗത്ത് വെയില്‍സ് പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ കമ്മ്യൂണിറ്റി സേഫ്റ്റി മാനേജര്‍ ശ്രീ. റീസ് ബര്‍ടണ്‍, ഇന്ത്യന്‍ ഹെറിറ്റേജ് സെന്ററിന്റെ ചീഫ് ശ്രീമതി. തൃപ്തി മേഗിരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ റ്റോമ്പില്‍ കണ്ണത്ത് അധ്യക്ഷം വഹിക്കുകയും, ശ്രീ. പ്രവീണ്‍ കുമാര്‍ സ്വാഗതം പറയുകയും അഡ്വ. അനന്തന്‍ നന്ദിയും പറഞ്ഞു.

ഇത് വെയില്‍സിലെ ആദ്യ ഓണാഘോഷമായതിനാല്‍ ബാരി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ നിരവധി മലയാളി കുടുംബങ്ങള്‍ ഇതില്‍ പങ്കെടുത്തു.

മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ബാരി പ്രസിഡന്റ് ടോംബില്‍ കണ്ണത്ത്, സെക്രട്ടറി പ്രവീണ്‍ കുമാര്‍, ട്രഷറര്‍ അനന്തന്‍, ശ്രീ മുകുല്‍കുമാര്‍ ശ്രീമതി. അനു വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍ ഓണത്തിന്റെ പാരമ്പര്യവും കേരളീയ സംസ്‌കാരവും പുതുതലമുറയിലേക്ക് പകരേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

ഓണസദ്യ, കലാപരിപാടികള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷത്തിന് കൂടുതല്‍ നിറം പകര്‍ന്നു. വിദേശ മണ്ണിലും കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട് സമൂഹത്തെ ഒരുമിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ മലയാളി സമൂഹത്തിന്റെ ശക്തിയും ഐക്യവും വിളിച്ചോതുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു.

ബാരിയിലെ മലയാളി സമൂഹത്തിന് ഓണം ഒരു ആഘോഷം മാത്രമല്ല, ഒരുമയുടെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷം കൂടിയാണ് എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.

''കേരളത്തിന്റെ പൈതൃകം ഹൃദയത്തില്‍ സൂക്ഷിച്ച്, ബ്രിട്ടനില്‍ ഒരുമയോടെ - മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ബാരിയുടെ ഓണം'' വളരെ രുചികരമായ ഓണ സദ്യയോടെ ആഘോഷിച്ചു.
(ബെര്‍ലി മാളിയേക്കല്‍, ബാരി, വെയില്‍സ്)