CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Hours 36 Minutes 27 Seconds Ago
Breaking Now

ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ് ; സെപ്റ്റംബര്‍ 5ന് ലെസ്റ്റര്‍ പ്രജാപതി ഹാളില്‍ വിപുലമായ ഓണാഘോഷം

ലെസ്റ്റര്‍: യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ (LKC) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ വിപുലമായ ഓണാഘോഷങ്ങള്‍ക്ക് ഓണക്കൊടിയേറ്റത്തോടെ തുടക്കമായി. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് വരുണ്‍, സെക്രട്ടറി പ്രിന്‍സ് എന്നിവരും , കൊടിയേറ്റ കോര്‍ഡിനേറ്റര്‍മാരായ റിജു , നിഷാന്ത് , അഞ്ജലി ഷെര്‍ഫിന്‍ കൂടാതെ നട്ടില്‍നിന്നെത്തിയ ഒരു ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി മാതാപിതാക്കളും ചേര്‍ന്ന് LKCയുടെ കൊടി ഉയര്‍ത്തിയാണ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളുടെ മഹനീയ സാന്നിധ്യത്തില്‍ വള്ള പാട്ടിന്റെ ഈരടികള്‍ നിറഞ്ഞ ആവേശം ചടങ്ങിന് കൂടുതല്‍ മിഴിവേകി.

ഓണക്കൊടിയേറ്റത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികളും ഓണ മത്സരങ്ങളും ചടങ്ങിന് കൂടുതല്‍ ആവേശവും ആഘോഷപ്പകിട്ടും നല്‍കി. പ്രവാസലോകത്തെ മലയാളികളുടെ സര്‍ഗാത്മകതയും ഓണപ്പാരമ്പര്യവും വിളിച്ചോതുന്ന അത്തപ്പൂക്കള മത്സരം, കൊച്ചുകൂട്ടുകാര്‍ക്കായി ചിത്രരചന മത്സരം, മലയാളികളുടെ തനതായ രുചിവൈവിധ്യം വിളിച്ചോതുന്ന പരമ്പരാഗത പായസം വെക്കല്‍ മത്സരം എന്നിവയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള കുടുംബങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു. സമ്മാനദാനതോടെയാണ് ചടങ്ങ് അവസാനിച്ചത്

ചിരിയും ആഹ്ലാദവും നിറച്ച 'ധിംതരികിടതോം' എന്ന ഓണക്കളി പരിപാടിയായിരുന്നു ആഘോഷത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയ വിവിധ രസകരമായ കളികളും മത്സരങ്ങളും പരിപാടിക്ക് ഉത്സവാന്തരീക്ഷം സമ്മാനിച്ചു.

ഇതിനോടനുബന്ധിച്ച് നടന്ന പ്രത്യേക ലേലവും ആഘോഷത്തിന് വേറിട്ട നിറം നല്‍കി. യുകെയിലെ ഒരു മലയാളി കുടുംബത്തിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയെടുത്ത ഏകദേശം 40 കിലോ ഭാരമുള്ള ഭീമന്‍ മത്തങ്ങ ലേലത്തിനായി എത്തിച്ചത് ഏറെ കൗതുകമായി. ആവേശകരമായ ലേലവിളികള്‍ക്കൊടുവില്‍ മത്തങ്ങ സ്വന്തമാക്കാന്‍ നിരവധി പേര്‍ രംഗത്തെത്തി. അതോടൊപ്പം കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ടിക്കറ്റും ലേലത്തിന് വച്ചു. അത്യാവേശകരമായ ലേലവിളികളും നിറഞ്ഞ കയ്യടികളും ജനപങ്കാളിത്തവും കൊണ്ട് ലേലവേദി ഏറെ ശ്രദ്ധേയമായി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആവേശത്തോടെ ഏറ്റെടുത്ത ഈ ലേലം ഓണാഘോഷത്തിലെ വേറിട്ട അനുഭവമായി മാറി.

ഓണക്കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നത് സെപ്റ്റംബര്‍ 5ന് ലെസ്റ്റര്‍ പ്രജാപതി ഹാളില്‍ നടക്കുന്ന വിപുലമായ ഓണാഘോഷത്തോടെയാണ്. ഓണസദ്യയോടെയാണ് അന്നത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഏകദേശം 1,500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഓണസദ്യ യുകെയിലെ തന്നെ ഏറ്റവും വലിയ ഓണസദ്യകളിലൊന്നായി മാറും. മലയാളികളുടെ തനത് രുചിയും ഓണത്തിന്റെ പാരമ്പര്യവും ഒത്തുചേരുന്ന ഗംഭീര സദ്യയില്‍ 28ഓളം വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെര്‍ബിയിലെ കൊട്ടാരം റെസ്റ്റോറന്റിന്റെ നേതൃത്വത്തിലാണ് വിപുലമായ ഓണസദ്യ ഒരുക്കുന്നത്.

സദ്യയ്ക്ക് ശേഷം മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ LKC കുടുംബാംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങള്‍, സംഗീതം, നൃത്തം തുടങ്ങി നിരവധി പരിപാടികള്‍ അന്നേദിവസത്തെ ആഘോഷത്തിന് മാറ്റുകൂട്ടും.

മലയാളികളുടെ തനത് സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിനൊപ്പം, പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും കുടുംബങ്ങള്‍ക്കിടയില്‍ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഓണക്കൊടിയേറ്റത്തോടെ ലെസ്റ്ററില്‍ ഉയര്‍ന്നത് ഒരു കൊടി മാത്രമല്ല, മലയാളികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷത്തിന്റെയും കൊടിയാണ്. സെപ്റ്റംബര്‍ 5ന് പ്രജാപതി ഹാളില്‍ അരങ്ങേറുന്ന വിപുലമായ ഓണാഘോഷത്തോടെ ലെസ്റ്റര്‍ വീണ്ടും ഒരു വലിയ മലയാളി സംഗമത്തിന് സാക്ഷ്യം വഹിക്കും.

അസോസിയേഷനുകളും കൂട്ടായ്മകളും ഒരുപാടുള്ള ഇക്കാലത്തില്‍ പ്രവര്‍ത്തനശൈലികൊണ്ടും, നവീന ആശയങ്ങള്‍ കൊണ്ടുവരുന്നതിനും സംഘടനയെന്ന നിലയില്‍ എല്ലാവര്‍ക്കും മാതൃകയായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി എന്നും ഒപ്പമുണ്ട്. മുഴുവന്‍ ലെസ്റ്റര്‍ മലയാളികള്‍ക്കും LKC യുടെ ഓണാശംസകള്‍ നേരുന്നു.

( ലിജോ നെല്ലിയാനിയില്‍ ജോസഫ്  )




കൂടുതല്‍വാര്‍ത്തകള്‍.