
















ഗ്ലാസ്ഗോ: സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ (SMA) സംഘടിപ്പിക്കുന്ന ഓണാഘോഷം നാളെ ഓഗസ്റ്റ് 22 ശനിയാഴ്ച ഗ്ലാസ്ഗോയിലെ വുഡ്സൈഡ് ഹാളില്‍ വിപുലമായ പരിപാടികളോടെ നടക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തില്‍ സാംസ്‌കാരിക പരിപാടികള്‍, ഉദ്ഘാടന സമ്മേളനം, പുരസ്‌കാര സമര്‍പ്പണം, ഓണസദ്യ, സംഗീത-വിനോദ പരിപാടികള്‍ എന്നിവ അരങ്ങേറും.
ഉച്ചയ്ക്ക് 12 മണിക്ക് പ്രാര്‍ത്ഥനാഗാനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി വിഗ്‌നേഷ് കുമാര്‍ സ്വാഗതം ആശംസിക്കും. പ്രസിഡന്റ് സിന്റോ പാപ്പച്ചന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഗ്ലാസ്ഗോ സിറ്റി കൗണ്‍സില്‍ ബെയ്ലി ആന്റണി കരോള്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ വിശിഷ്ടാതിഥി ആയിരിക്കും. മാവേലിയുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിന് ഓണപ്പൊലിമ പകരും. സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ സ്ഥാപക ഡയറക്ടര്‍ ഹാരിസ് ക്രിസ്റ്റുദാസ്, ജോയിന്റ് സെക്രട്ടറി ഹിമ ഷമീം, ഫിനാന്‍ഷ്യല്‍ ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്റ് അബ്രഹാം മാത്യു എന്നിവര്‍ ആശംസകള്‍ നേരും.
ചടങ്ങില്‍ നഴ്സുമാരെ ആദരിക്കുന്ന പ്രത്യേക നഴ്സസ് അവാര്‍ഡ് സമര്‍പ്പണവും നടക്കും. കൂടാതെ പാര്‍വതി ഒതഗട്ട്, ഗോപിക ശിവകുമാര്‍ എന്നിവരെ മെമന്റോ നല്‍കി ആദരിക്കും. തുടര്‍ന്ന് ഗസ്റ്റ് ഓഫ് ഓണര്‍ ചടങ്ങും നടക്കും. അസോസിയേഷന്‍ സെക്രട്ടറി അമര്‍നാഥ് ടി. എസ്. നന്ദി രേഖപ്പെടുത്തുന്നതോടെ ഉദ്ഘാടന സമ്മേളനം സമാപിക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷത്തിന് കൂടുതല്‍ ആവേശം പകരാന്‍ DJ ദര്‍ശന്റെ സംഗീത പരിപാടിയും അരങ്ങേറും. പരമ്പരാഗത ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം ഉള്‍പ്പെടെയുള്ള പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സ്‌കോട്ട്ലന്‍ഡിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് കേരളത്തിന്റെ ഓണപ്പാരമ്പര്യവും സംസ്‌കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വലിയൊരു കൂട്ടായ്മയായി ഇത്തവണത്തെ ഓണാഘോഷം മാറുമെന്ന് സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഓണാഘോഷം നടക്കുന്ന ഹാളിന്റെ വിലാസം:
വുഡ്സൈഡ് ഹാള്‍സ്, 36 ഗ്ലെന്‍ഫാര്‍ഗ് സ്ട്രീറ്റ്, G20 7QE