CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 6 Minutes 41 Seconds Ago
Breaking Now

വിസ്മയ കാഴ്ചയൊരുക്കി ഡബ്ലിനില്‍ മലയാളീസ് ഇന്‍ സിറ്റി വെസ്റ്റിന്റെ ഓണാഘോഷം

ഓണക്കളികളും വിവിധ വിനോദപരിപാടികളും ആഘോഷത്തിന് കൂടുതല്‍ നിറവും ആവേശവും പകര്‍ന്നു.

ഓണം ആഘോഷിക്കുമ്പോള്‍ പ്രവാസികള്‍ക്ക് ഗൃഹാതുര ഓര്‍മ്മകള്‍ ഒരുപാടുണ്ട്. നാട്ടിലെ ഓണം പുനസൃഷ്ടിക്കുന്ന രീതിയിലായിരുന്നു മലയാളീസ് ഇന്‍ സിറ്റി വെസ്റ്റ് സംഘടിപ്പിച്ച ഓണാഘോഷം.

പ്രവേശന കവാടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചുണ്ടന്‍വള്ളം, ആല്‍മരവും ആല്‍ത്തറയും,  സ്വര്‍ണക്കൊടിമരം,  കല്‍വിളക്ക്, തുളസിത്തറ-മലയാളിത്തനിമയുടെ നേര്‍ക്കാഴ്ചകളൊരുക്കിയ കലാസൃഷ്ടികളാല്‍ സമ്പന്നമായിരുന്നു അയര്‍ലന്‍ഡിലെ ഓണാഘോഷ വേദി.

കലാകാരന്മാരുടെ കരവിരുതില്‍ തനിമ ചോരാതെ പുനര്‍ജനിച്ച ഈ ദൃശ്യങ്ങള്‍ കാണികള്‍ക്ക് നവ്യാനുഭവമായി. പ്രധാന വേദിയിലും കേരളത്തിന്റെ ഉത്സവപ്പെരുമ വിളിച്ചോതുന്ന കാഴ്ചകളായിരുന്നു ഒരുക്കിയത്. തൃശൂര്‍ പൂരത്തിന്റെ പ്രൗഢി ഓര്‍മിപ്പിക്കുന്ന തരത്തില്‍ നെറ്റിപ്പട്ടവും മുത്തുക്കുടകളും അണിഞ്ഞ ഗജവീരന്മാരുടെ ഗംഭീര പശ്ചാത്തലമാണ് വേദിയില്‍ ഒരുക്കിയിരുന്നത്.

രാവിലെ പൂക്കളമൊരുക്കലോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് തിരുവാതിര, ഓണപ്പാട്ടുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തതോടെ ആഘോഷവേദി സജീവമായി.

തുടര്‍ന്ന് നടന്ന ഓണസദ്യ മലയാളിയുടെ രുചിപ്പെരുമയും കൂട്ടായ്മയുടെ മാധുര്യവും ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു. ഓണക്കളികളും വിവിധ വിനോദപരിപാടികളും ആഘോഷത്തിന് കൂടുതല്‍ നിറവും ആവേശവും പകര്‍ന്നു.

ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് വൈകുന്നേരം അരങ്ങേറിയ ഡിജെ പരിപാടി സദസ്സിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. അയര്‍ലന്‍ഡിലെ ശ്രദ്ധേയനായ യുവ ഡിജെ പ്രതിഭ ഡിജെ എ വണ്‍ (അച്ചൂസ് - DJ A1) നയിച്ച തകര്‍പ്പന്‍ സംഗീതവിരുന്നില്‍ കാണികള്‍ ഒന്നാകെ ചുവടുവച്ചു. മലയാളത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ ആഘോഷക്കാഴ്ചപ്പാടുകളും ഒരേ വേദിയില്‍ സമന്വയിപ്പിച്ച ഓണാഘോഷം പങ്കെടുത്തവര്‍ക്ക് മറക്കാനാകാത്ത അനുഭവമായി.




കൂടുതല്‍വാര്‍ത്തകള്‍.