
















കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാതശിശുവിന് ചികിത്സ നല്‍കുന്നതിനിടെ ശരീരത്തില്‍ സൂചി തറഞ്ഞുകയറി ചികിത്സാപ്പിഴവ് സംഭവിച്ചതായി പരാതി. കോഴിക്കോട് ചാത്തമംഗലം ചൂലൂര്‍ സ്വദേശികളായ വിനീഷ്-അഞ്ജു ദമ്പതികളുടെ മകള്‍ അദ്വികയുടെ ശരീരത്തിലാണ് സൂചി കുടുങ്ങിയത്. ഒരു വര്‍ഷത്തോളം കടുത്ത വേദനയനുഭവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഒരിഞ്ച് നീളമുള്ള സൂചി പുറത്തെടുത്തത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 24-നായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ അഞ്ജു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തെ തുടര്‍ന്ന് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുകയും മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതോടെ കുഞ്ഞിനെ നവജാതശിശുക്കളുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ച് കുഞ്ഞിന്റെ വലതുഭാഗത്തെ വാരിയെല്ലിന് സമീപം ചെറിയ തടിപ്പും ചുവപ്പുനിറവും കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സ്‌കാനിങ് റിപ്പോര്‍ട്ടുകളില്‍ കുഴപ്പമില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്.
തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങിയെങ്കിലും കുഞ്ഞ് പതിവായി കരയുമായിരുന്നു. രണ്ട് മാസം മുന്‍പ് തടിപ്പ് വലിയ തോതില്‍ വീക്കമായി മാറിയതോടെ ട്യൂമറാണോ എന്ന സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാണിക്കുകയായിരുന്നു. അവിടെ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വാരിയെല്ലിന് സമീപം സൂചി തറച്ചിരിക്കുന്നത് കണ്ടെത്തിയത്.
സംഭവത്തില്‍ ഗുരുതര ചികിത്സാപ്പിഴവ് ആരോപച്ച് മാതാപിതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ആരോഗ്യമന്ത്രി, ഗാന്ധിനഗര്‍ പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറിക് പോളിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.