CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 23 Seconds Ago
Breaking Now

ജോലി നഷ്ടപ്പെട്ടതിന്റെ സമ്മര്‍ദ്ദത്തിലായിരുന്നോ അനില? മലയാളി യുവതികളുടെ കൊലപാതകത്തില്‍ ദുരൂഹത തുടരുന്നു

അടുത്തിടെ ജോലിയില്‍ ചില പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് അനില കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് നാട്ടിലുള്ള കുടുംബസുഹൃത്തുക്കള്‍ പറയുന്നത്.

മില്‍പിറ്റാസില്‍ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം ഇപ്പോഴും അവ്യക്തം. കൊലപാതകത്തിലേക്ക് നയിക്കാന്‍ മാത്രം യുവതികള്‍ക്കിടയില്‍ എന്ത് വൈരാഗ്യമാണ് ഉണ്ടായിരുന്നതെന്ന് കുടുംബാംഗങ്ങള്‍ക്കും വ്യക്തമായിട്ടില്ല.തൃശൂര്‍ മുടിക്കോട് തൈക്കൂട്ട് ഹരിദാസിന്റെയും സുഷ്മയുടെയും മകള്‍ അഞ്ജന (35), കോട്ടയം കുറിച്ചി പള്ളത്ര ജേക്കബിന്റെ ഭാര്യ ആന്‍ മേരി മാത്യു (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാലാ മൂന്നിലവ് മാറാമറ്റം സ്വദേശിനി അനില (34)യെ മില്‍പിറ്റാസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അടുത്തിടെ ജോലിയില്‍ ചില പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് അനില കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് നാട്ടിലുള്ള കുടുംബസുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍, കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണം വ്യക്തമാകാന്‍ അനിലയുടെ മൊഴി പുറത്തുവരേണ്ടതുണ്ട്.

അനിലയുടെ മാതാപിതാക്കള്‍ രണ്ട് മാസം മുമ്പ് മില്‍പിറ്റാസിലെ വീട്ടില്‍ എത്തിയിരുന്നു. അനിലയുടെ സഹോദരന്‍ കാനഡയിലാണ്. ബംഗളൂരുവില്‍ നിന്നാണ് അനില എന്‍ജിനീയറിങ് ബിരുദം നേടിയത്. പഠനകാലത്തും ബംഗളൂരുവിലെ ജോലിക്കാലത്തും ഒപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശിയെയാണ് പിന്നീട് വിവാഹം കഴിച്ചത്. പിന്നീട് അനിലയ്ക്ക് അമേരിക്കയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് കുടുംബം അവിടേക്ക് മാറുകയായിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്.

അതേസമയം, കൊല്ലപ്പെട്ട അഞ്ജനയുടെയും ആന്‍ മേരി മാത്യുവിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച കാലിഫോര്‍ണിയയില്‍ നടക്കുന്ന മൃതദേഹപരിശോധനകള്‍ക്ക് ശേഷം ഭര്‍ത്താക്കന്മാര്‍ക്ക് മൃതദേഹങ്ങള്‍ കാണാന്‍ അവസരം ലഭിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.കാലിഫോര്‍ണിയയിലെ മലയാളി അസോസിയേഷനും ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെടുന്നുണ്ടെന്ന് അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കൊല്ലപ്പെട്ട ആന്‍ മേരി മാത്യു കാലിഫോര്‍ണിയയില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ജേക്കബ് സെപ്റ്റംബര്‍ ഏഴിന് നാട്ടിലെത്താനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. രണ്ടാഴ്ച മുമ്പാണ് ആന്‍ നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങിയത്. ജേക്കബും ആനും കോയമ്പത്തൂരില്‍ ഒരുമിച്ച് എന്‍ജിനീയറിങ് പഠിച്ചവരാണ്.

സുഹൃത്തുക്കളായിരുന്ന യുവതികള്‍ക്കിടയില്‍ കൊലപാതകത്തിലേക്ക് നയിച്ച തരത്തിലുള്ള എന്തെങ്കിലും തര്‍ക്കമോ വൈരാഗ്യമോ ഉണ്ടായിരുന്നോ എന്നതാണ് അന്വേഷണത്തില്‍ പ്രധാനമായും ഉയരുന്ന ചോദ്യം. കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകാത്തതിനാല്‍ സംഭവത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.