
















യുഎസിലെ കാലിഫോര്‍ണിയയില്‍ മലയാളി യുവതികളായ ആന്‍ മേരിയെയും അഞ്ജനയെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഉറ്റസുഹൃത്തുക്കളായ ഇരുവരെയും പ്രതിയായ അനില കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകാത്തത് സനോസയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.സംഭവത്തിന് തൊട്ടുമുമ്പ് നടന്ന ഓണാഘോഷത്തില്‍ ആന്‍ മേരിക്കും അഞ്ജനയ്ക്കുമൊപ്പം അനിലയും സന്തോഷത്തോടെ പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം സുഹൃത്തുക്കളായ ഇരുവരും കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് പ്രദേശത്തെ മലയാളി സമൂഹം.
ആന്‍ മേരിയുമായി അനിലയ്ക്ക് തൊഴില്‍ സംബന്ധമായ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധു ജെറി സാം ജോസഫ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അഞ്ജനയുമായി അനിലയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വാക്കുതര്‍ക്കമോ പിണക്കമോ ഉണ്ടായിരുന്നതായി കുടുംബത്തിന് അറിവില്ലെന്നാണ് വിവരം.
ആന്‍ മേരിയെ ഫ്ളാറ്റിലെ മുറിക്കുള്ളില്‍ വച്ച് അനില കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് എത്തുമ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ ആന്‍ മേരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അഞ്ജനയെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാര്യം പറയാനുണ്ടെന്നും താഴേക്ക് ഇറങ്ങിവരണമെന്നും അനില അഞ്ജനയോട് ആവശ്യപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് താഴേക്ക് എത്തിയ അഞ്ജനയെ നീല നിറത്തിലുള്ള കാര്‍ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ വിശദമായ ഫോറന്‍സിക് പരിശോധന തുടരുകയാണ്. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ ആന്‍ മേരി പത്തുവര്‍ഷത്തോളമായി യുഎസില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയായ പള്ളത്ര ജേക്കബാണ് ഭര്‍ത്താവ്.
തൃശൂര്‍ സ്വദേശിയായ അഞ്ജന കാലിഫോര്‍ണിയയിലെ ഒരു സ്‌കൂളില്‍ ആറുവര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് വിജേഷും യുഎസില്‍ ഇവര്‍ക്കൊപ്പമായിരുന്നു.
അനിലയും ആന്‍ മേരിയും അഞ്ജനയും ഒരേ ഫ്ളാറ്റിലാണ് താമസിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഏറെ അടുപ്പമുള്ള സുഹൃത്തുക്കളായിരുന്ന ഇരുവരെയും അനില കൊലപ്പെടുത്തിയതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.