CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 56 Seconds Ago
Breaking Now

റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങ് തലപ്പത്തേക്ക് രണ്ടാം തവണയും ബിജോയ് സെബാസ്റ്റിയന്‍ ; മലയാളി സമൂഹത്തിന് ഇത് അഭിമാന നിമിഷം

വീണ്ടും ആര്‍സിഎന്‍ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും യുകെ മലയാളി നഴ്‌സുമാരുടെ പിന്തുണയും കൊണ്ടുതന്നെയാണ്.

റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് പോലൊരു അന്താരാഷ്ട്ര സംഘടനയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഒരു മലയാളി അധ്യക്ഷസ്ഥാനത്ത് എത്തിയിരിക്കുന്നു. മലയാളി സമൂഹത്തിനാകെ അഭിമാന നിമിഷമാണിത്.ഡോ. പേഷ്യന്‍സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്‌സണ്‍ എന്നിവരെ പിന്തള്ളിയാണ് വന്‍ ജനവിധിയോടെ ബിജോയ് വീണ്ടും ആര്‍സിഎന്‍ തലപ്പത്തേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ, പുതിയ രണ്ടു വര്‍ഷത്തെ കാലാവധിയില്‍ 2027 ജനുവരി ഒന്നിന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും.

2024ലെ ചരിത്രവിജയത്തിലൂടെയാണ് ബിജോയ് സെബാസ്റ്റ്യന്‍ ആദ്യമായി ആര്‍സിഎന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മാറ്റുരച്ച അന്നത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ  ആര്‍സിഎന്നിന്റെ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ മലയാളി എന്ന അപൂര്‍വ്വ നേട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. 2025 ജനുവരി ഒന്നിന് ആദ്യ കാലാവധി ആരംഭിച്ച അദ്ദേഹം, നഴ്‌സിങ് മേഖലയിലെ മലയാളി സമൂഹത്തിന് വലിയ അഭിമാനമായി മാറി.

ആദ്യ കാലയളവില്‍ നഴ്‌സുമാരുടെ ശമ്പളനീതി, ജോലിഭാരം കുറയ്ക്കല്‍, തൊഴില്‍മുന്നേറ്റം എന്നിവയ്ക്കാണ് ബിജോയ് മുന്‍ഗണന നല്‍കിയത്. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ എന്‍എച്ച്എസിലെ ബാന്‍ഡ് ഫൈവ് നഴ്‌സുമാരുടെ ജോലിയും ശമ്പളനിലവാരവും പുനഃപരിശോധിക്കണമെന്ന് ആര്‍സിഎന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശമ്പള നിര്‍ദേശത്തിനെതിരെ ആര്‍സിഎന്‍ വോട്ടെടുപ്പില്‍ 91 ശതമാനം പേര്‍ വോട്ട് ചെയ്തതിനെത്തുടര്‍ന്ന്, ബാന്‍ഡ് ഫൈവ് തസ്തികകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായത് ബിജോയിയുടെ നേതൃത്വത്തിന് ലഭിച്ച വന്‍ മുന്നേറ്റമായി മാറി. രോഗികള്‍ക്ക് സുരക്ഷിതമായ പരിചരണം ഉറപ്പാക്കാന്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും അദ്ദേഹം ശക്തമായി മുന്നോട്ടുവെച്ചു. വരും ദിവസങ്ങളിലും തന്റെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ബോധ്യം ബിജോയ്ക്കുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ അക്കാര്യം ബിജോയ് വ്യക്തമാക്കിയിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി 2011 മാര്‍ച്ചിലാണ് ബിജോയ് സെബാസ്റ്റ്യന്‍ യുകെയിലെത്തുന്നത്. ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ ബാന്‍ഡ് ഫൈവ് നഴ്‌സായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച അദ്ദേഹം 2015-ല്‍ ബാന്‍ഡ് സിക്സിലേക്കും 2016-ല്‍ ബാന്‍ഡ് സെവനിലേക്കും ഉയര്‍ന്നു. 2021 മുതല്‍ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ സീനിയര്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ്. ഇന്റര്‍നാഷണല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി അസോസിയേഷന്‍ നെറ്റ്വര്‍ക്ക് യുകെയുടെ ചെയറായും അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം വിദേശ നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കായും ജോലിസ്ഥലത്തെ വംശീയ വിവേചനങ്ങള്‍ക്കെതിരെയും നിരന്തരം ശബ്ദമുയര്‍ത്തി. വീണ്ടും ആര്‍സിഎന്‍ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും യുകെ മലയാളി നഴ്‌സുമാരുടെ പിന്തുണയും കൊണ്ടുതന്നെയാണ്.

ആലപ്പുഴ ജില്ലയിലെ പുന്നപ്ര വണ്ടാനം പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും സോഫിയയുടെയും മകനാണ് ബിജോയ് സെബാസ്റ്റ്യന്‍

2011ല്‍ യുകെയില്‍ എത്തിയ ബിജോയ് വെറും പത്തു വര്‍ഷത്തെ നഴ്‌സിംഗ് കരിയര്‍ കൊണ്ടാണ് ബാന്‍ഡ് 8 എ വരെയെത്തിയത്. ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ ഹാമര്‍സ്മിത്ത് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ദിവ്യയാണ് ബിജോയിയുടെ ഭാര്യ. ഏക മകന്‍ ഇമ്മാനുവേല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.




കൂടുതല്‍വാര്‍ത്തകള്‍.