CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 39 Seconds Ago
Breaking Now

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന യുകെ മലയാളി ജോഷി ജെയിംസ് ചിറക്കല്‍ അന്തരിച്ചു; സംസ്‌കാരം നാട്ടില്‍

കഴിഞ്ഞ മൂന്നര വര്‍ഷമായി കുടുംബത്തോടൊപ്പം ചെസ്റ്ററിലായിരുന്നു താമസം.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന യുകെ മലയാളി ജോഷി ജെയിംസ് ചിറക്കല്‍ (59) ചെസ്റ്ററില്‍ അന്തരിച്ചു. സെപ്റ്റംബര്‍ 7ന് രാവിലെ 7.15നായിരുന്നു അന്ത്യം. കോട്ടയം ഏറ്റുമാനൂര്‍ ചിറക്കല്‍ വീട്ടില്‍ പരേതനായ എന്‍. ജെ. ജെയിംസിന്റെയും ചിന്നമ്മ ജെയിംസിന്റെയും മകനാണ് ജോഷി.

കഴിഞ്ഞ മൂന്നര വര്‍ഷമായി കുടുംബത്തോടൊപ്പം ചെസ്റ്ററിലായിരുന്നു താമസം. വാറിങ്ടണില്‍ റോയല്‍ മെയിലില്‍ ജോലി ചെയ്തുവരികയായിരുന്നു. ജൂണില്‍ നാട്ടിലായിരിക്കെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജൂണില്‍ തന്നെ നാട്ടില്‍ ശസ്ത്രക്രിയ നടത്തി. ഏകദേശം ഒരു മാസത്തിന് ശേഷം യുകെയിലേക്ക് മടങ്ങിയ ജോഷിക്ക് വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്യൂമര്‍ വീണ്ടും വളര്‍ന്നതായി കണ്ടെത്തി. ചെസ്റ്ററിലെ ക്ലാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ജോഷിയുടെ ആരോഗ്യനില പിന്നീട് ഗുരുതരമായി. അവസാന ഒരു മാസത്തോളം ചെസ്റ്ററിലെ ഹോസ്പിസില്‍ പരിചരണത്തിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം.

നാട്ടില്‍ ഏറ്റുമാനൂര്‍ ക്രൈസ്റ്റ് ദ കിങ് റോമന്‍ കത്തോലിക്കാ ദേവാലയാംഗവും യുകെയില്‍ ചെസ്റ്റര്‍ മാര്‍ സാബോര്‍ ആന്‍ഡ് മാര്‍ അഫ്രേം പാരിഷ് അംഗവുമായിരുന്നു. യുകെയിലെ വിവിധ മലയാളി സംഘടനകളിലും ജോഷി സജീവമായിരുന്നു.

ഭാര്യ ജെമ്മ ഗല്‍ഗാനി ചെസ്റ്ററിലെ എന്‍എച്ച്എസ് കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. മക്കള്‍: ഡോ. ജെറി ജോഷി (മൈസൂര്‍), ജെസ്ലിന്‍ ജോഷി (കാനഡ).

സെപ്റ്റംബര്‍ 12 ശനിയാഴ്ച ചെസ്റ്ററിലെ സെന്റ് കൊളംബാസ് ദേവാലയത്തില്‍ ജോഷിയുടെ പൊതുദര്‍ശനവും തുടര്‍ന്നുള്ള തിരുക്കര്‍മ്മങ്ങളും നടക്കും. രാവിലെ 11.30ന് മൃതദേഹം ദേവാലയത്തില്‍ എത്തിക്കും. 12.15ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

ജോഷിയുടെ സംസ്‌കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. സംസ്‌കാര സമയവും മറ്റ് ക്രമീകരണങ്ങളും പിന്നീട് അറിയിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.