
















ജയ്പൂരിലെ കര്‍ധാനി പ്രദേശത്ത് ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. വൃദ്ധനായ പിതാവിന് രാവിലെ ചായ കൊടുത്ത ശേഷമാണ് പ്രതി ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഭാര്യ ഗീത ഝാ (40), മൂന്ന് പെണ്‍മക്കള്‍ എന്നിവരെയാണ് രാഹുല്‍ ഝാ കൊലപ്പെടുത്തിയത്. നാല് പേരുടെയും തലയിലും മുഖത്തും കല്ലുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രാവിലെ 10 മണിയോടെയാണ് കൊലപാതക വിവരം ലഭിച്ചതെന്ന് ഡിസിപി (വെസ്റ്റ്) പ്രശാന്ത് കിരണ്‍ വ്യക്തമാക്കി. വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ ഗീതയുടെയും താഴത്തെ നിലയിലെ രണ്ട് മുറികളിലായി മൂന്ന് പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെയാണ് കൃത്യം നടന്നതെന്ന് സംശയിക്കുന്നുണ്ടെങ്കിലും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. കൊലപാതകത്തിന് ഉപയോഗിച്ച കല്ലുകളും റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രണ്ട് സിമന്റ് കട്ടകളും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
രാവിലെ 7 മണിക്ക് പ്രതി പാല്‍ക്കാരനില്‍ നിന്ന് പാല്‍ വാങ്ങിച്ചിരുന്നു. 'മകന്‍ എനിക്ക് ചായ തന്നതിനു ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അവന്‍ മാര്‍ക്കറ്റിലേക്ക് പോയെന്നാണ് ഞാന്‍ കരുതിയത്. പിന്നീട് ടോയ്ലറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ താഴത്തെ നിലയിലെ മുറിയില്‍ രക്തം കണ്ട് കരയുകയും അയല്‍ക്കാരെ വിവരമറിയിക്കുകയും ചെയ്തു,' എന്ന് പ്രതിയുടെ പിതാവ് ലക്ഷ്മിനാഥ് ഝാ പറഞ്ഞു. അയല്‍ക്കാരാണ് രാവിലെ 10 മണിയോടെ പോലീസില്‍ വിവരം അറിയിച്ചത്.
ഇരകളും പ്രതിയും തമ്മില്‍ മല്ലിട്ടതിന്റെ ലക്ഷണങ്ങളുണ്ടെന്നും എഫ്.എസ്.എല്‍. റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടിന്റെ ഒന്നാം നിലയില്‍ ഗീത ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയായിരുന്നു. മക്കളില്‍ 22 വയസ്സുള്ള നന്ദിനി പഠനത്തോടൊപ്പം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയുമായിരുന്നു, മറ്റ് രണ്ട് പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥിനികളാണ്. ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ച ശേഷം ഒളിവില്‍ പോയത്. പ്രതി രാഹുല്‍ ഝായ്ക്കായി പോലീസ് അന്വേഷണണ്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.