
















ജന്മ നാടിന്റെ ഓര്‍മ്മ പുതുക്കി സെപ്റ്റംബര്‍ 12 ശനിയാഴ്ച വെസ്റ്റ് ഡെര്‍ബിയിലെ കാര്‍ഡിനല്‍ ഹീനന്‍ ഓഡിറ്റോറിയത്തില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) സംഘടിപ്പിച്ച 'ദേ മാവേലി 2026' ഓണാഘോഷം വന്‍ ജനപങ്കാളിത്തത്തോടെ അരങ്ങേറി. രാവിലെ 9 മണിക്ക് ലിമ പ്രവര്‍ത്തകര്‍ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പരമ്പരാഗത കേരളീയ വസ്ത്രങ്ങളണിഞ്ഞ് എത്തിയ നൂറുകണക്കിന് മലയാളികള്‍ യഥാര്‍ത്ഥ ഉത്സവ അന്തരീക്ഷം സമ്മാനിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഓണസദ്യ ഗണപതിക്ക് സമര്‍പ്പിച്ച ശേഷമാണ് വിളമ്പിത്തുടങ്ങിയത്. ലിവര്‍പൂളിലെ അക്ഷയ റെസ്റ്റോറന്റ് തയ്യാറാക്കിയ 28-ഓളം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ പങ്കെടുത്ത ഏവര്‍ക്കും വേറിട്ട അനുഭവമായി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കായിക മത്സരങ്ങള്‍ നടന്നു. ആവേശകരമായ വടംവലി മത്സരങ്ങള്‍ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

സദ്യയ്ക്ക് ശേഷം ലിമയിലെ വനിതകള്‍ അവതരിപ്പിച്ച പരമ്പരാഗത തിരുവാതിര അരങ്ങേറി.ഓണത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളും സാംസ്‌കാരിക തനിമയും വെളിപ്പെടുത്തുന്ന മനോഹരമായ ഒരു സ്‌കിറ്റ് ശ്രീ. ജോയ് അഗസ്റ്റിയുടെ നേതൃത്വത്തില്‍ വേദിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് മേളത്തോടും താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെ അകമ്പടിയോടും കൂടി മാവേലി തമ്പുരാനെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു.

വൈകിട്ട് 4 മണിക്ക് നടന്ന പൊതുസമ്മേളനം ലിമ പ്രസിഡന്റ് ബിജു ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്നു. സെക്രട്ടറി ബ്ലെസ്സണ്‍ രാജന്‍ സ്വാഗതം ആശംസിച്ചു.
ക്രിസ് ജോര്‍ജ് ടോംസ് നന്ദിയും പറഞ്ഞു. മുഖ്യാതിഥി എം.പി. കിം ജോണ്‍സണ്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തും ഇത്രയധികം ആളുകളെ ഒരുമിച്ച് അണിനിരത്തി സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് ലിമ നല്‍കിവരുന്ന മികച്ച സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും ലിവര്‍പൂള്‍ എം.പി കിം ജോണ്‍സണ്‍ (Kim Johnosn MP) പ്രശംസിച്ചു. സംഘടനയുടെ ഭാവി കാഴ്ചപ്പാടുകളും സാംസ്‌കാരിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന മനോഹരമായ പുതിയ ലോഗോ ശ്രീ. ജോയ് അഗസ്റ്റി വേദിയില്‍ പ്രകാശനം ചെയ്തു.

ചടങ്ങില്‍ യുക്മ വള്ളംകളിയില്‍ വിജയികളായ ലിമയുടെ വനിതാ ടീമിനെയും, ഒരുമ ബ്ലാക്‌ബേണ്‍ പുള്‍ ലീഗ് വനിതാ വടംവലിയില്‍ വിജയികളായ ലിമയുടെ വനിതാ ടീമിനെയും,
യുക്മ നോര്‍ത്ത് വെസ്റ്റ് കായിക മേളകളില്‍ മികച്ച വിജയം നേടിയ കായികതാരങ്ങളെയും ആദരിച്ചു. കൂടാതെ ജി.സി.എസ്.ഇ (GCSE), എ-ലെവല്‍ (A-Level) പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ലിമ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോ നല്‍കി അനുമോദിച്ചു.

ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ക്രിസ് ടോംസിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന പരിപാടികള്‍ പ്രേക്ഷകരുടെ കൈയടി നേടി. 'ടീം മുദ്രിക'യുടെ ഡാന്‍സ് പെര്‍ഫോമന്‍സും, ശ്രീ സൂര്യ ഡാന്‍സ് അക്കാദമി അവതരിപ്പിച്ച നൃത്താവിഷ്‌കാരവും ശ്രദ്ധേയമായി. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത മൈം (Mime) പ്രകടനവും വേദിയില്‍ ശ്രദ്ധ നേടി.
കാസില്‍ യുകെ (CASTLE UK) അവതരിപ്പിച്ച 'കാള്‍സ്മാന്‍ ചരിതം' ചവിട്ടുനാടകം കാണികള്‍ക്ക് പുതിയൊരു അനുഭവമായി. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന സാമൂഹിക സേവന പാരമ്പര്യത്തോടൊപ്പം, യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യം പകര്‍ന്നുനല്‍കാന്‍ കൂടിയാണ് തനത് കലകളെയും സംസ്‌കാരത്തെയും ലിമ പ്രോത്സാഹിപ്പിക്കുന്നത്.

രാത്രിയോടെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്ന് ഡിജെ അദേവ് (DJ ADEV) നയിച്ച ലൈവ് ഡിജെ പ്രോഗ്രാം ആരംഭിച്ചു. നാടന്‍ താളങ്ങളും പാശ്ചാത്യ സംഗീത ബീറ്റുകളും കോര്‍ത്തിണക്കിയ മ്യൂസിക്കല്‍ നൈറ്റില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ചുവടുവെച്ചു.

രാത്രി 10 മണിയോടെയാണ് ഔദ്യോഗിക പരിപാടികള്‍ അവസാനിച്ചത്. ലിമ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും ആഴ്ചകള്‍ നീണ്ട കഠിനാധ്വാനമാണ് 'ദേ മാവേലി 2026' വിജയകരമാക്കാന്‍ സഹായിച്ചത്. യുകെ മലയാളി കൂട്ടായ്മയുടെ ഒരു ഉത്തമ ഉദാഹരണമായി ഈ ആഘോഷരാവ് മാറി.
മനോജ് ജോസഫ്
പി. ആര്‍. ഒ
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)