
















ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം 'ദേ മാവേലി 2026' സെപ്റ്റംബര്‍ 12 ശനിയാഴ്ച കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അരങ്ങേറും. വിപുലമായ സാംസ്‌കാരിക കലാപരിപാടികളോടെയാണ് ഇത്തവണ ലിമ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.
നാട്ടില്‍ പോലും ഇന്ന് അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന കലാരൂപങ്ങളെ പ്രവാസ മണ്ണില്‍ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി കാസില്‍ യുകെ (CASTLE UK) അവതരിപ്പിക്കുന്ന 'കാള്‍സ്മാന്‍ ചരിതം' ചവിട്ടുനാടകം ലിമ വേദിയില്‍ അരങ്ങേറും. ചവിട്ടുനാടകത്തിന്റെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ, ആധുനിക സാങ്കേതിക തികവോടെയാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, സമകാലിക സാമൂഹിക വിഷയങ്ങളില്‍ വെളിച്ചം വീശുന്ന വേറിട്ടൊരു നിശബ്ദ മൈം (Mime) പ്രകടനവും അരങ്ങേറും.

എല്ലാ വര്‍ഷവും നമ്മുടെ പാരമ്പര്യ കലാരൂപങ്ങളെയും നാടന്‍ കലാസൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ലിമ എപ്പോഴും മുന്നില്‍ നില്‍ക്കാറുണ്ട്. യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്‌കാരം നേരിട്ട് കാണിച്ചുകൊടുക്കാനും, ഇത്തരം പാരമ്പര്യ കലകളെ നെഞ്ചിലേറ്റുന്ന കലാകാരന്മാര്‍ക്ക് വേദി നല്‍കാനും ലിമ എന്നും ശ്രദ്ധിക്കാറുണ്ട്. ആ പരമ്പര നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇത്തവണയും വേറിട്ട കലാരൂപങ്ങള്‍ വേദിയിലെത്തിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ മാസങ്ങളായുള്ള കഠിന പരിശീലനത്തിന് ശേഷം 'ടീം മുദ്രിക'യുടെ കലാകാരികള്‍ വേദിയിലെത്തുന്നു. കൂടാതെ, ശ്രീ സൂര്യ ഡാന്‍സ് അക്കാദമിയുടെ കൊച്ചു കലാകാരികള്‍ അണിയിച്ചൊരുക്കുന്ന ഭക്തിസാന്ദ്രമായ നൃത്താവിഷ്‌കാരവും ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
കലാപരിപാടികള്‍ക്ക് ശേഷം സദസ്സിനെ ഇളക്കിമറിക്കാന്‍ ഡിജെ അദേവ് നയിക്കുന്ന ലൈവ് ഡിജെ പ്രോഗ്രാമും ഉണ്ടാകും. നാടന്‍ ഈണങ്ങളും ആധുനിക സംഗീത ബീറ്റുകളും കോര്‍ത്തിണക്കിയ തകര്‍പ്പന്‍ മ്യൂസിക്കല്‍ നൈറ്റോടെയാകും ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ അവസാനിക്കുക.
ഓണാഘോഷ പരിപാടികളിലേക്ക് മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പ്രവേശന കൗണ്ടറില്‍ പുതിയ ടിക്കറ്റ് വില്‍പ്പനയോ, കലാപരിപാടികള്‍ക്ക് മാത്രമായുള്ള ടിക്കറ്റുകളോ ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകര്‍ അറിയിച്ചു.