
















ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്ന് നാമം ജപിക്കുന്നതിനിടെ ഭര്‍ത്താവും കുഴഞ്ഞുവീണു മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂര്‍ കരിവേലി ഇല്ലത്ത് എന്‍. ദേവദത്തന്‍ നമ്പൂതിരിയും (88), ഭാര്യ ഗിരിജാദേവി അന്തര്‍ജനവുമാണ് (75) മണിക്കൂറുകളുടെ ഇടവേളയില്‍ അന്തരിച്ചത്. ദമ്പതികളുടെ മകനും കാസര്‍കോട് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി. കരിവേലിയുടെ വിദ്യാനഗര്‍ പാറക്കട്ടയിലെ വീട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗിരിജാദേവി അന്തര്‍ജനം 14-ാം തീയതി രാത്രി 11.30-നാണ് അന്തരിച്ചത്. തുടര്‍ന്ന്, ഭാര്യയുടെ വിയോഗ വിവരം ഇന്നലെ രാവിലെ എട്ടരയോടെയാണ് ദേവദത്തന്‍ നമ്പൂതിരിയെ അറിയിച്ചത്. വിവരമറിഞ്ഞ് കട്ടിലില്‍ കിടന്ന അദ്ദേഹം മൃതദേഹത്തിനരികെ വന്ന് ഇരിക്കുകയും കണ്ണീരോടെ നാമം ജപിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം പിന്നീട് ഇരവിനല്ലൂരിലെ കുടുംബവീടായ കരിവേലി ഇല്ലം വളപ്പില്‍ നടത്തി. രോഹിണി കെ. പോറ്റി (അസി. പ്രഫസര്‍, ഗവ. കോളജ്, കാസര്‍കോട്) ആണ് മരുമകള്‍.