
















മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍. പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകര്‍ക്കാനാണെന്ന് പി ജയരാജന്‍ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ആര്‍എസ്എസ് ആണെന്ന് പി ജയരാജന്‍ പറഞ്ഞു. മൂന്ന് സീറ്റ് ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളം കീഴടക്കണമെങ്കില്‍ സിപിഎമ്മിനെ തകര്‍ക്കണം. അതിന്റെ ഭാഗമായാണ് ഇ ഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസില്‍ പെടുത്തുന്നത്. അതില്‍ വി ഡി സതീശന്‍ സന്തോഷത്തിലാണ്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിര്‍ക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.
സെക്രട്ടറിയേറ്റ് അംഗത്വം സംബന്ധിച്ച് താന്‍ ഒരുപാട് പുകഴ്ത്തലുകള്‍ കേള്‍ക്കുന്നുണ്ടെന്ന് പി ജയരാജന്‍ പറഞ്ഞു. സ്വപ്നലോകത്തേക്ക് പോകില്ല. തനിക്ക് സെക്രട്ടറിയേറ്റ് അംഗത്വം വൈകിയെന്നത് വലതുപക്ഷ പ്രചാരണം മാത്രമാണെന്നും പി ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെയുള്ള ഉള്‍പ്പാര്‍ട്ടി സമരം തുടരും. പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോല്‍വിയെ കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാര്‍ട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. സിപിഎമ്മിനകത്ത് എന്തെങ്കിലും ആശയ കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള ശക്തി സിപിഎമ്മിനുണ്ടെന്നും പി ജയരാജന്‍ അവകാശപ്പെട്ടു.