
















നിറപറയും നിലവിളക്കും ഒരുപിടി തുമ്പപ്പൂക്കളും മനസ്സില്‍ നിറച്ചു മലയാളത്തിന്റെ ഗൃഹാതുരത്വത്തെ ഉണര്‍ത്തുന്നതായിരുന്നു സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം.

സ്വിന്‍ഡനിലെ ഹൂക്ക് വില്ലേജ് ഹാളില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19ന് സംഘടിപ്പിച്ച ഓണാഘോഷം, പൂക്കളവും ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തച്ചുവടുകളുമായി വൈവിധ്യമാര്‍ന്ന ആഘോഷമായിരുന്നു സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബിന്റേത്. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ഐക്യത്തിന്റെയും നവ്യാനുഭൂതികള്‍ പകരുന്ന ഓണാഘോഷപരിപാടിയുടെ ഉത്ഘാടനം മഹാബലിയും ശ്രീ ജോഷി ജോണും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു നിര്‍വഹിക്കുകയുണ്ടായി.
സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ് എക്‌സിക്യൂട്ടീവ് ഭാരവാഹികളായ സോണി കാച്ചപ്പിള്ളി, ജോര്‍ജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചെണ്ടമേളത്തിനൊപ്പം താളമേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടികളോടുകൂടെയുള്ള മാവേലി തമ്പ്രാന്റെ എഴുന്നള്ളത്തു ഏവര്‍ക്കും ഹൃദ്യാനുഭവമായിമാറി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ക്ലബ്ബിന്റെ പ്രസിഡണ്ട് ശ്രീ സോണി കാച്ചപ്പിള്ളി അധ്യക്ഷനായി. ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി ശ്രീ ജോര്‍ജ് തോമസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു സംസാരിക്കുകയുണ്ടായി. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ഓണാഘോഷം നമ്മുടെ ക്ലബിന് കൂടുതല്‍ കരുത്തും ഊര്‍ജവും പകരട്ടെയെന്നും സമത്വ സുന്ദരമാര്‍ന്ന നല്ല നാളുകളെ ഏറെ പ്രതീക്ഷയോടെ നമുക്കു വരവേല്‍ക്കാമെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് ശ്രീ ജോര്‍ജ് തോമസ് സംസാരിക്കുകയുണ്ടായി.

ക്ലബ്ബിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും ഏറെ അവസ്മരണീയമാണെന്നും, സ്വിന്‍ഡനില്‍ മാത്രമല്ല യുകെ യിലെമ്പാടും ക്ലബ്ബിന്റെ ഖ്യാതി ഏറെ പ്രശംസനീയമാണെന്നും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് നമ്മുടെ ക്ലബ്ബ് മുന്നേറണമെന്നും, ക്ലബ്ബിന്റെ മുന്നോട്ടുള്ള കാഴ്ചപ്പാടുകളും മറ്റുപ്രവര്‍ത്തനരീതികളും പ്രതിപാദിച്ചുകൊണ്ട് പ്രസിഡണ്ട് ശ്രീ സോണി കാച്ചപ്പിള്ളി ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് സംസാരിക്കുകയുണ്ടായി.
എല്ലാവരും ഒത്തൊരുമയിലും സ്‌നേഹത്തിലും നിലകൊള്ളുന്ന നാട്ടിന്‍പുറത്തെ ആഘോഷങ്ങളുടെ തനിയാവര്‍ത്തനമാണ് സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ്ബ് ഒരുക്കിയ ഈ ഓണാഘോഷമെന്ന് മുഖ്യാതിഥി ശ്രീ ജോഷി ജോണ്‍ സംസാരിച്ചു.
ചടങ്ങില്‍ മഹാബലിത്തമ്പുരാന്‍ എല്ലാ അംഗങ്ങള്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഓണം 2026 ന്റെ സന്ദേശം നല്‍കുകയുണ്ടായി.

പൊതുസമ്മേളനത്തോടനുബന്ധിച് ട്രഷറര്‍ ശ്രീ പ്രദീഷ് ഫിലിപ്പ് 2025-2026 വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് വാശിയേറിയ വടംവലിമത്സരം, വിവിധങ്ങളായ ഓണക്കളികള്‍, മറ്റു കലാപരിപാടികള്‍ ഡിജെ എന്നിവയ്ക്കു നേതുത്വം നല്‍കിയത് ജയേഷ് കുമാര്‍, ജോര്‍ജ് കുര്യാക്കോസ് എന്നിവരുടെ നേതുത്വത്തിലാണ്. HUNGRY HUB ഒരുക്കിയ രുചികരവും വിഭവസമൃദ്ധവുമായ ഓണസദ്യയോടെ SKSC യുടെ ഇക്കൊല്ലത്തെ വിപുലമായ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.
ജോയിന്റ് സെക്രട്ടറി ശ്രീ അഗസ്റ്റിന്‍ ജോസഫ് ഏവര്‍ക്കും നന്ദി പറഞ്ഞു സംസാരിക്കുകയുണ്ടായി.