
















ബ്രിട്ടനില്‍ ചെറുതായാലും, കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന വിദേശികളെ നാടുകടത്താന്‍ പദ്ധതിയുമായി ടോറികള്‍. ഒരു 'പാര്‍ക്കിംഗ് ടിക്കറ്റിന്' മുകളില്‍ ശിക്ഷ നേടുന്ന എല്ലാ കുറ്റവാളികളെയും ബ്രിട്ടനില്‍ നിന്നും പുറത്താക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് കെമി ബാഡെനോകിന്റെ പാര്‍ട്ടി അവതരിപ്പിക്കുന്നത്.
പ്രതിവര്‍ഷം 6000 മുതല്‍ 40,000 വരെ ആളുകളെ ഇതുവഴി നാടുകടത്തേണ്ടി വരുമെന്നാണ് ടോറികള്‍ കണക്കാക്കുന്നത്. ഇപ്പോള്‍ ജയിലിലുള്ള വിദേശ പ്രതികളെയും ബാധിക്കുന്ന വിധത്തിലാണ് പദ്ധതി. ജയില്‍ മോചിതരാകുന്ന മുറയ്ക്ക് ഇവരെ പുറത്താക്കുമെന്നാണ് ടോറികള്‍ വ്യക്തമാക്കുന്നത്. കൂടാതെ ക്രിമിനലുകള്‍ക്ക് അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിക്കാനും സാധിക്കില്ല.
അടുത്ത ആഴ്ചയിലെ ടോറി പാര്‍ട്ടി കോണ്‍ഫറന്‍സിന് മുന്നോടിയായാണ് നീതിന്യായ വ്യവസ്ഥ ശരിപ്പെടുത്താന്‍ ടോറികള്‍ പദ്ധതി അവതരിപ്പിക്കുന്നത്. ഇതിന് പുറമെ പുതിയ ജയിലുകള്‍ നിര്‍മ്മിച്ച് 50,000 പേരെ കൂടി പാര്‍പ്പിക്കാനുള്ള ഇടവും കണ്ടെത്തും. 'വിദേശ ക്രിമിനലുകളെ പുറത്താക്കണം, അത് സിംപിള്‍ കാര്യമാണ്', ടോറി ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറഞ്ഞു.
ബ്രിട്ടനിലേക്ക് വന്ന് കുറ്റകൃത്യം നടത്തി ജയില്‍ശിക്ഷ അനുഭവിച്ചാല്‍ അവര്‍ക്ക് ഇവിടെ നിന്നും പോകാം. ലേബര്‍ വിദേശ ക്രിമിനലുകളെ തെരുവുകളില്‍ കറങ്ങാന്‍ വിടുകയാണ്. ഇവര്‍ പിന്നീട് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയാണ്. ബ്രിട്ടനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു ഖേദവും വേണ്ട, ക്രിസ് ഫിലിപ്പ് പറഞ്ഞു.