CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 57 Seconds Ago
Breaking Now

ബ്രെയിന്‍ ട്യൂമര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ടെസ്റ്റുമായി എന്‍എച്ച്എസ്; ലോകത്തില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ആദ്യമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്

100 തരത്തിലേറെ ബ്രെയിന്‍ ട്യൂമറുകളുള്ളതിനാല്‍ ഇത് കണ്ടെത്താനും, സ്ഥിരീകരിക്കാനും, ചികിത്സിക്കാനും ബുദ്ധിമുട്ടാണ്

ബ്രെയിന്‍ ട്യൂമര്‍ അതിവേഗം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ പരീക്ഷിച്ച് എന്‍എച്ച്എസ്. ആഴ്ചകള്‍ എടുക്കുന്നതിന് പകരം ദിവസങ്ങള്‍ക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ക്കും അകം രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് എന്‍എച്ച്എസ് പരീക്ഷിക്കുന്നത്. 

ലോകത്തില്‍ ഈ സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. രോഗിയുടെ തലച്ചോറിന്റെ ബയോപ്‌സി സാമ്പിളിലെ ഡിഎന്‍എ മുഴുവന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയും, ഏത് തരത്തിലുള്ള ട്യൂമറാണെന്ന് തിരിച്ചറിയുകയും, ക്യാന്‍സര്‍ ഇല്ലെങ്കില്‍ അത് സ്ഥിരീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ടെസ്റ്റ്. 

ബ്രെയിന്‍ സര്‍ജറി നടക്കുമ്പോള്‍ രണ്ട് മണിക്കൂറില്‍ താഴെ ടെസ്റ്റ് നടത്തി ഫലം നല്‍കാനും ഇതിന് സാധിക്കുന്നുണ്ട്. നിലവില്‍ സാമ്പിള്‍ ലാബ് ടെസ്റ്റിനായി അയച്ച് ഒരു മനുഷ്യന്‍ മൈക്രോസ്‌കോപിന് കീഴില്‍ വെച്ച് ഇത് പരിശോധിച്ച് സ്ഥിരീകരിക്കുന്നതാണ് രീതി. ഇതിന് ആഴ്ചകള്‍ വേണ്ടിവരും. 

100 തരത്തിലേറെ ബ്രെയിന്‍ ട്യൂമറുകളുള്ളതിനാല്‍ ഇത് കണ്ടെത്താനും, സ്ഥിരീകരിക്കാനും, ചികിത്സിക്കാനും ബുദ്ധിമുട്ടാണ്. 'ബ്രെയിന്‍ ട്യൂമറുള്ളതായി സംശയിക്കുന്നവര്‍ക്ക് രോഗം വേഗത്തില്‍ കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിയുന്നത് സമയത്തിന് എതിരായ മത്സരത്തില്‍ മുന്നിലെത്താന്‍ സഹായിക്കും. ഉത്തരത്തിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നത് രോഗികള്‍ക്കും, കുടുംബങ്ങള്‍ക്കും ആശങ്കയാണ്. വേഗത്തില്‍ രോഗം തിരിച്ചറിയാനായാല്‍ ചികിത്സയും വേഗത്തില്‍ ആരംഭിക്കാം', എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ഫ്രാങ്കി സ്വോര്‍ഡ്‌സ് പറഞ്ഞു.  




കൂടുതല്‍വാര്‍ത്തകള്‍.