
















വിജയദശമിയോട് അനുബന്ധിച്ചുള്ള ആയുധപൂജയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥ എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്ത സംഭവം ചര്‍ച്ചയാകുന്നു. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയില്‍ നടന്ന ആഘോഷ പരിപാടിക്കിടെ ആണ് വെടിവെപ്പ് നടന്നത്. 'ലേഡി സിങ്കം' എന്ന് അറിയപ്പെടുന്ന രാജ്‌നന്ദ്ഗാവ് എസ്പി അങ്കിത ശര്‍മ ഐപിഎസ് ആണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷയും അച്ചടക്കവും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രോട്ടോക്കോളും ഉള്‍പ്പെടെ ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വിജയദശമിയോട് അനുബന്ധിച്ചുള്ള ആയുധപൂജ രാജ്‌നന്ദ്ഗാവ് നഗരത്തിലെ പൊലീസ് ലൈന്‍സില്‍ നടക്കുന്നതിനിടെ ആയിരുന്നു സംഭവം. ചടങ്ങില്‍ പൊലീസിന്റെ ആയുധങ്ങളും വാഹനങ്ങളും പൂജിച്ചിരുന്നു. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥ എകെ-47 തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. കുറഞ്ഞത് 10 റൗണ്ടോളം വെടിയുതിര്‍ത്തതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. അങ്കിതയ്ക്ക് ശേഷം എഎസ്പി കിര്‍ത്തന്‍ റാത്തോറും എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ പ്രതികരിച്ച ഉപമുഖ്യമന്ത്രി അരുണ്‍ സാവോ, സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഇത്തരം വെടിവെപ്പുകള്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഒഴിവാക്കേണ്ടതാണെന്നും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍ കെ വിജ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.
സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച മുന്‍ കരസേന ഉദ്യോഗസ്ഥന്‍ കെജിഎസ് ദില്ലന്‍, ഉദ്യോഗസ്ഥ ആയുധം കൈകാര്യം ചെയ്തത് അങ്ങേയറ്റം അപകടകരമായ രീതിയിലാണെന്ന് ചൂണ്ടിക്കാണിച്ചു. ലോഡ് ചെയ്ത ആയുധം അങ്ങേയറ്റം അപകടകരമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് ദില്ലന്‍ പറഞ്ഞു. ആയുധങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പൂര്‍ണമായും ലംഘിക്കപ്പെട്ടു. ആളുകള്‍ പശ്ചാത്തലത്തില്‍ ഭയന്നുവിറച്ചു നില്‍ക്കുമ്പോള്‍ പോലും ലോഡ് ചെയ്ത തോക്ക് എല്ലാ ദിശകളിലേക്കും ചൂണ്ടുന്നതായി കാണാം. ഔദ്യോഗിക വസ്ത്രം ധരിക്കാതെ, അനുമതിയില്ലാത്ത ആവശ്യത്തിനായി സര്‍വീസ് ആയുധം ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയാണ് ചെയ്യുന്നത്. പരിശീലന അക്കാദമികളില്‍ പഠിപ്പിക്കുന്ന അടിസ്ഥാനപരമായ ആയുധ പരിശീലന രീതികള്‍ പോലും പാലിച്ചിട്ടില്ല. ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കാനും വലിയ പരിക്കുകള്‍ക്ക് കാരണമാകാനുമുള്ള സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അച്ചടക്കലംഘനങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.