Breaking Now

സൈനികനടപടിയിലൂടെ സിറിയന്‍ പ്രശ്നത്തിനു പരിഹാരം കാണാനുള്ള ശ്രമം ഉപേക്ഷിക്കണം: ഫ്രാൻസിസ് മാർപാപ്പ

സിറിയന്‍ പ്രശ്നത്തിൽ സൈനീക നടപടികൾ ഒഴിവാക്കി സമാധാനപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്ന് പോപ്‌ ഫ്രാൻസിസ്.

സൈനികനടപടിയിലൂടെ സിറിയന്‍ പ്രശ്നത്തിനു പരിഹാരം കാണാനുള്ള ശ്രമത്തില്‍നിന്നും ലോകനേതാക്കള്‍ പിന്തിരിയണമെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ലോകനേതാക്കളോട് ആഹ്വാനം ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ജി20 ഉച്ചകോടിക്കു മുമ്പായി സെപ്റ്റംബർ 4 ന് അയച്ച കത്തിലാണ് പോപ്‌ ഫ്രാൻസിസ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഈ ലെറ്ററിന്റെ ഉള്ളടക്കം പുറംലോകത്തെ അറിയിച്ചത്.

സിറിയന്‍ പ്രതിസന്ധിക്കു രാജ്യാന്തര സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയോട് കൂടിയ പരിഹാരം കാണാൻ ലോകനേതാക്കൾ ശ്രമിക്കണം എന്നും സിറിയയിൽ മറ്റൊരു യുദ്ധം അല്ല ആവശ്യം എന്നും അതിനായി ലോകനേതാക്കൾ ശ്രമിക്കണം എന്നും ആവശ്യപ്പെടുന്ന ലെറ്ററിൽ പരസ്പരം വിട്ടു വീഴ്ചകൾ ചെയ്തു ചർച്ചയിലൂടെ ഒരു പരിഹാരം കാണുവാനും അങ്ങിനെ സിറിയൻ ജനതയ്ക്ക് സമാധാനപരമായ ജീവിതം സാധ്യമാകുന്നതിനു വേണ്ട നടപടികൾ ലോകരാഷ്ട്ര നേതാക്കൾ കൈക്കൊള്ളണമെന്നും പറയുന്നു.

യുദ്ധഭീതിയിൽ ഉഴലുന്ന സിറിയയിൽ വേണ്ടത് സമാധാനത്തിന്റെ പാതയാണ് വേണ്ടത് എന്നും പാപ്പ സൂചിപ്പിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും പാപ്പ അഭ്യർഥിച്ചു. സിറിയന്‍ സമാധാനം യാഥാര്‍ഥ്യമാകുന്നതിന് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ലോകവ്യാപകമായി നടത്തപ്പെടുന്ന നാല് മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഉപവാസ പ്രാർഥനയിൽ എല്ലാ മതസ്ഥരും പങ്കെടുക്കണം എന്ന് വത്തിക്കാൻ ഇതിനു മുൻപ്‌ അഭ്യര്‍ഥിച്ചിരുന്നു.

എന്നാൽ സിറിയയിൽ നടക്കുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്താൻ ആവശ്യപ്പെട്ടു കൊണ്ട് സിറിയൻ പ്രസിഡന്റ്‌ അസാദുമായി പാപ്പ ബന്ധപെട്ടുവെന്നു അർജന്റീനിയൻ പത്രമായ ക്ലാരിനിൽ വന്ന റിപ്പോർട്ട്‌ വത്തിക്കാന്റെ വക്താവായ ഫാദർ ഫെട്രിക്കോ ലൊംബാർഡി നിഷേധിച്ചു. സിറിയയിൽ നടത്താൻ ഉദ്ദേശിക്കുന്ന സൈനീക നടപടികളിൽ നിന്നും പിൻമാറണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യുഎസ് വൈറ്റ് ഹൗസുമായി പാപ്പ വ്യക്തിപരമായി ബന്ധപ്പെട്ടുവെന്ന രീതിയിൽ വന്ന വാർത്തകളും ഫാദർ ഫെട്രിക്കോ ലൊംബാർഡി നിഷേധിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.