Breaking Now

ദാരിദ്ര്യത്തോട് പടവെട്ടി കേരളത്തിന്‍റെ സ്വന്തം ചിത്ര

മികച്ചസൗകര്യവും നല്ല സ്‌പോണ്‍സര്‍ഷിപ്പും ലഭിച്ചാല്‍ അന്തര്‍ദേശീയമത്സരങ്ങളില്‍ ഇന്ത്യക്കായി മെഡല്‍ നേടാനാവും.

ഓട്ടം അവര്‍ക്കൊരു പകതീര്‍ക്കലായിരുന്നു... പട്ടിണിയോടും ദാരിദ്ര്യത്തോടും തന്നോടുതന്നെയുമുള്ള പിണക്കംതീര്‍ക്കാനുള്ള പോംവഴി. സ്‌കൂളിലേക്കുള്ള യാത്ര ഓടിശീലിച്ച കുട്ടി പിന്നെ നാടിന്റെയും കേരളത്തിന്റെയും അഭിമാനമായി. രാജ്യത്തിന്റെ പ്രതീക്ഷയായി. ദേശീയ സ്‌കൂള്‍മീറ്റില്‍ രണ്ടാംതവണയും ട്രിപ്പിള്‍ സ്വര്‍ണവും ഇത്തവണ റെക്കോഡ് ഡബിളും നേടിയതോടെ രാജ്യത്തിന്റെ മുഴുവന്‍പ്രതീക്ഷയും പി.യു. ചിത്രയിലായിക്കഴിഞ്ഞു.

മുണ്ടൂരിലെ പാലക്കീഴില്‍നിന്ന് ഓട്ടമാരംഭിച്ച ഈ പെണ്‍കുട്ടി നിലവിലുള്ള പല പ്രശസ്തരുടെയും റെക്കോഡുകള്‍ തിരുത്തിക്കുറിക്കുമെന്ന് ഇപ്പോഴേ പ്രവചിക്കുന്നവരേറെയാണ്. പിന്നിട്ട വഴികളെക്കുറിച്ച് ചിത്രയുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഈ ചെറിയപെണ്‍കുട്ടിയെ ആരും നമിക്കും. ദാരിദ്ര്യംമാത്രം കണ്ടറിഞ്ഞ ചെറുപ്പകാലം. ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ സമയത്തിനെത്താനാണ് ഓട്ടംതുടങ്ങിയത്.

വൈകിയാല്‍ ഉപ്പുമാവിന് പേരുനല്‍കാനാവില്ല. നാലില്‍നിന്ന് ജയിച്ചപ്പോള്‍ ഒരുകിലോമീറ്റര്‍കൂടി അകലെയായി തുടര്‍പഠനം. ഓട്ടത്തിന്റെ ദൂരവും വേഗവും കൂടി. കായികാധ്യാപകന്‍ സിജിന്‍, ചിത്രയില്‍ ഭാവിതാരത്തെ കണ്ടെത്തുന്നത് ആറാംക്ലാസിലാണ്.തുടര്‍ച്ചയായി മത്സരങ്ങള്‍, കിടയറ്റ പരിശീലനം, സ്‌പൈക്കിന്റെ ഭാരമില്ലാതെ നഗ്‌നപാദയായി കുതിച്ച ചിത്ര എപ്പോഴും ഒന്നാമതായി.

ചിത്രയുടെ നേട്ടങ്ങള്‍ നാട് ആഘോഷമാക്കുമ്പോഴും മുന്നോട്ടുള്ള യാത്ര ഈ പെണ്‍കുട്ടിക്കുമുന്നില്‍ ചോദ്യചിഹ്നമാണ്. അസൗകര്യങ്ങളില്‍ ഓടിശീലിച്ച ചിത്ര ആധുനികസൗകര്യങ്ങളോടെ പരിശീലിച്ചവരോടാണ് മത്സരിക്കുന്നത്. പാലക്കാടിനുപുറത്ത് മത്സരത്തിന് പോകുമ്പോഴാണ് സിന്തറ്റിക്ട്രാക്ക് കാണുന്നത്. പോഷകാഹാരത്തിന്റെ പ്രശ്‌നമാണ് പ്രധാനം. സ്‌കൂള്‍മാനേജരുടെയും ചില കായികപ്രേമികളുടെയും സഹായമുണ്ടെങ്കിലും നേട്ടങ്ങള്‍ തുടരാന്‍ ഇത് പര്യാപ്തമല്ല.

മികച്ചസൗകര്യവും നല്ല സ്‌പോണ്‍സര്‍ഷിപ്പും ലഭിച്ചാല്‍ അന്തര്‍ദേശീയമത്സരങ്ങളില്‍ ഇന്ത്യക്കായി മെഡല്‍ നേടാനാവും. ചിത്രയെന്ന കായികതാരത്തിന്റെ ഉദയത്തെക്കുറിച്ച് അടുത്തിടെ മുണ്ടൂര്‍ സേതുമാധവന്‍ എഴുതിയ കഥ ഈ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഗ്രാമത്തിലെ കരിങ്കല്‍ച്ചീളുകളിലൂടെ ഓട്ടം തുടങ്ങിയ, വിശപ്പും ദാഹവും മനസ്സില്‍ തിളയ്ക്കുമ്പോഴും ഓടിക്കൊണ്ടിരുന്ന ചിത്ര...




കൂടുതല്‍വാര്‍ത്തകള്‍.