തന്റെ മകളെന്ന് കരുതിയ മകള്‍ സ്വന്തമല്ലെന്ന് കണ്ടെത്തിയതോടെ ആശുപത്രിക്കും, ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനും എതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത് ഒരു പിതാവ്. ഒഹിയോയിയെ ഡെലാവെയറില്‍ നിന്നുമുള്ള ജോസഫ് കാര്‍ട്ടെലോണും, ഭാര്യ ജെന്നിഫറും 1994-ല്‍ ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴിയാണ് മകള്‍ റെബേക്കയെ സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ക്രിസ്മസിന് ഫാമിലി ട്രീ കണ്ടെത്താനുള്ള രസകരമായ ഒരു ശ്രമം ആ കുടുംബത്തെ ഞെട്ടിച്ചു. വീട്ടില്‍ വെച്ച് പരിശോധിക്കാവുന്ന ഡിഎന്‍എ കിറ്റുകള്‍ ഉപയോഗിച്ചപ്പോഴാണ് മകള്‍ റെബേക്കയ്ക്ക് തങ്ങളുടെ ഡിഎന്‍എ അല്ലെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്.
അമ്മയുടെ ജനിതക ഘടനയല്ല മകള്‍ക്കെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മറ്റൊരു പറ്റേണിറ്റി ടെസ്റ്റില്‍ സ്ഥിരീകരണം ഉണ്ടായത്. ഇതോടെ സിന്‍സിനാറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റീപ്രൊഡക്ടീവ് ഹെല്‍ത്ത്, ദി ക്രൈസ്റ്റ് ഹോസ്പിറ്റല്‍ & ഓവേഷന്‍ ഫെര്‍ട്ടിലിറ്റി എന്നിവരെ പ്രതികളാക്കി കുടുംബം നിയമനടപടി സ്വീകരിക്കുകയായിരുന്നു. മറ്റൊരു പുരുഷന്റെ ബീജം ഉപയോഗിച്ചാണ് ക്ലിനിക്കും, ആശുപത്രിയും ഭ്രൂണം വളര്‍ത്തിയെടുത്തതെന്നാണ് ഇവരുടെ പരാതി.
ദി ക്രൈസ്റ്റ് ഹോസ്പിറ്റലിലെ ഒരു ഡോക്ടര്‍ തന്നെയാകാം റെബേക്കയുടെ ബയോളജിക്കല്‍ പിതാവെന്നാണ് ഇവരുടെ അറ്റോണി പറയുന്നത്. ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടിയതോടെയാണ് ദമ്പതികള്‍ 93-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിച്ചത്. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഷെറീഫ് അവാദള്ളാ ജെന്നിഫറിന്റെ അണ്ഡം എടുത്ത ശേഷം ഇത് കാര്‍ട്ടെലോണിന്റെ ബീജം ഉപയോഗിച്ച് ഫെര്‍ട്ടിലൈസ് ചെയ്യുമെന്നാണ് ഉറപ്പ് നല്‍കിയത്.
1994 നവംബറില്‍ റെബേക്ക പിറന്നു. 2018 ക്രിസ്മസിനാണ് 24-കാരിയായ റെബേക്ക ഡിഎന്‍എ ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത്. എന്നാല്‍ പരിശോധനയില്‍ ഫലം മറിച്ചായി.