CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 14 Minutes 12 Seconds Ago
Breaking Now

ചന്ദ്രനില്‍ തൊടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചന്ദ്രയാന്‍-2 വിക്രം ലാന്‍ഡര്‍ നിശബ്ദമായി; തോല്‍വിയല്ല, ഇത് പുതുയുഗപ്പിറവി തന്നെ!

ഒരു വര്‍ഷത്തോളം ചന്ദ്രനെ വലംവെയ്ക്കുന്ന ഓര്‍ബിറ്ററില്‍ നിന്നും പരീക്ഷണങ്ങളും, പഠനങ്ങളും തുടരും

ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള രണ്ടാം ദൗത്യമായ ചന്ദ്രയാന്‍-2 പ്രതീക്ഷകളുടെ വെളിച്ചം പകരും. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സില്‍ നിന്നുമാണ് ശാസ്ത്രജ്ഞര്‍ ചന്ദ്രയാന്‍-2 പുരോഗതി വീക്ഷിച്ചത്. ചന്ദ്രയാന്‍ 2 ലാന്‍ഡറും, റോവറുമായ വിക്രം, പ്രഗ്യാന്‍ എന്നിവയുടെ ലാന്‍ഡിംഗായിരുന്നു സുപ്രധാന ദൗത്യം. ചന്ദ്രനിലെ സൗത്ത് പോളില്‍ റോവര്‍ ഇറക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുകയായിരുന്നു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. 

ശനിയാഴ്ച പുലര്‍ച്ചെ 1.40ന് ലാന്‍ഡിംഗ് ആരംഭിച്ചു. അടുത്ത ഏതാനും നിമിഷങ്ങളില്‍ കാര്യങ്ങള്‍ പദ്ധതിയിട്ട പോലെ നീങ്ങി. ലൂണാര്‍ സര്‍ഫസില്‍ വിക്രം ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ ഹര്‍ഷാരവം മുഴങ്ങി. 

എന്നാല്‍ പൊടുന്നനെ അന്തരീക്ഷം ആശങ്കയിലേക്ക് മാറി. 12-ാം മിനിറ്റില്‍ ഐഎസ്ആര്‍ഒ സെന്ററിലുള്ളവര്‍ നിശബ്ദരായി. ശാസ്ത്രജ്ഞരുടെ മുഖത്ത് നിഴലിച്ച ആശങ്കയില്‍ നിന്നും എന്തോ പ്രശ്‌നമുണ്ടെന്ന് പുറത്തുള്ളവര്‍ക്ക് തോന്നി. അടുത്ത നിമിഷങ്ങള്‍ക്ക് ഇന്ത്യയെ സംബന്ധിച്ച് മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ടായിരുന്നു. 

ഐഎസ്ആര്‍ഒയുടെ വാക്കുകള്‍ക്കായി രാജ്യം കാതോര്‍ത്തു. ഈ സമയത്ത് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ വ്യൂവിംഗ് ഗ്യാലറിയില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപത്തേക്ക് പോകുന്നത് കാണാമായിരുന്നു. പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയ ശിവനും, മറ്റ് ശാസ്ത്രജ്ഞരോടും മോദി 'ഓകെ' പറയുകയും, മേധാവിയുടെ പുറത്ത് തട്ടുന്നതും കണ്ടതോടെ എന്തോ പ്രശ്‌നമാണെന്ന് സൂചനയായി. 

ഏതാനും മിനിറ്റുകള്‍ക്ക് ശേഷം കെ. ശിവന്‍ മൈക്കിലൂടെ ഐഎസ്ആര്‍ഒ കണ്‍ട്രോള്‍ സെന്റററിന് ബന്ധം നഷ്ടമായ വിവരം അറിയിച്ചു. നിശബ്ദമാകുന്നതിന് മുന്‍പ് വിക്രം അയച്ച വിവരങ്ങള്‍ പഠിക്കുകയാണ് ഇനി ഐഎസ്ആര്‍ഒ ചെയ്യുക. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനും ശ്രമിക്കും. ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ഉപയോഗിച്ച് വിക്രമിന്റെ ലാന്‍ഡിംഗ് സൈറ്റ് കണ്ടെത്താമെന്നും പ്രതീക്ഷിക്കുന്നു. 

ചന്ദ്രയാന്‍ 2 ഒരു പരാജയമല്ല. റോവര്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് ദൗത്യത്തിലെ ഒരു കാര്യം മാത്രമാണെന്നത് തന്നെ കാരണം. ഒരു വര്‍ഷത്തോളം ചന്ദ്രനെ വലംവെയ്ക്കുന്ന ഓര്‍ബിറ്ററില്‍ നിന്നും പരീക്ഷണങ്ങളും, പഠനങ്ങളും തുടരാനും വിവരങ്ങള്‍ ഭൂമിയിലേക്ക് അയയ്ക്കാനും സാധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.