
















ഡെറാഡൂണില്‍ വംശീയ ആക്രമണത്തിന് ഇരയായ ത്രിപുര യുവാവ് മരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. തനിക്കും ഇളയ സഹോദരനും നേരെ വംശീയ അധിക്ഷേപം നടത്തിയ ഒരു കൂട്ടം ആളുകളെ നേരിട്ട 24 കാരനായ എംബിഎ വിദ്യാര്‍ഥി ആഞ്ചല്‍ ചക്മ ക്രൂരമായ ആക്രമണത്തിനിരയായത്. 14 ദിവസത്തിലേറെയായി ജീവനുവേണ്ടി പോരാടിയ ശേഷം വെള്ളിയാഴ്ച ഡെറാഡൂണിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിസംബര്‍ ഒമ്പതിനാണ് ആഞ്ചല്‍ ചക്മക്ക് ആക്രമണമേറ്റത്. ഞങ്ങള്‍ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്. അത് തെളിയിക്കാന്‍ എന്ത് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ആഞ്ചല്‍ ചക്മ പറഞ്ഞതിനെ തുടര്‍ന്നാണ് കുത്തേറ്റത്. ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.
സെലാകി പ്രദേശത്തെ പ്രാദേശിക മാര്‍ക്കറ്റിലേക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ സഹോദരനൊപ്പം എത്തിയപ്പോഴാണ് ആക്രമണത്തിനിരയായത്. ഒരു വര്‍ഷത്തിലേറെയായി ഡെറാഡൂണില്‍ വിദ്യാര്‍ത്ഥികളായിരുന്ന ആഞ്ചലിനെയും സഹോദരന്‍ മൈക്കിളിനെയും ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചപ്പോഴാണ് ആഞ്ചല്‍ പ്രതികരിച്ചത്. പ്രതികള്‍ ഒളിവിലാണ്. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ല.
ആഞ്ചലിന്റെ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. മൈക്കിളിനും പരിക്കേറ്റിട്ടുണ്ട്, ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ശനിയാഴ്ച അഞ്ജലിന്റെ മൃതദേഹം അഗര്‍ത്തലയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് ത്രിപുരയിലും പ്രതിഷേധം ആളിക്കത്തി. വംശീയ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ദേശീയ നിയമം വേണമെന്ന് ആവശ്യപ്പെട്ട് വടക്കുകിഴക്കന്‍ മേഖലയിലെ കോളേജുകളില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.