Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; നാഷണല്‍ കലാമേളയില്‍ കറുത്ത കുതിരകളാകുമെന്ന് ഉറപ്പിച്ച് എം.എം എ നാലാം തവണയും ചാമ്പ്യന്‍മാര്‍.... രാവിലെ കലാമേള മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു....

ബോള്‍ട്ടന്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനെ ഇളക്കി മറിച്ചു കൊണ്ട്   ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന റീജിയണല്‍ കലാമേളയില്‍ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി നാലാം തവണയും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനം വാറിംഗ്ടണ്‍ മലയാളി അസോസിയേഷനും, മൂന്നാം സ്ഥാനം മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്‌പോര്‍ട്ടും കരസ്ഥമാക്കി.

കലാ തിലകമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനിലെ അപര്‍ണ്ണാ ഹരീഷ്, കലാപ്രതിഭാ പട്ടം ലിവര്‍പൂള്‍ മലയാളി അസോസിയേഷനിലെ അലിക് മാത്യു, വാറിംഗ്ടണ്‍ മലയാളി അസോസിയേഷനിലെ ഡിയോണ്‍ ജോഷ് എന്നിവര്‍ ചേര്‍ന്നും പങ്കുവച്ചു.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും മികച്ചതായി സംഘടിപ്പിക്കപ്പെട്ട കലാമേളയില്‍ മത്സരാര്‍ത്ഥികളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു പരാതിക്ക് പോലും ഇട കൊടുക്കാത്ത കലാമേള പര്യവസാനിച്ചത് ജാക്‌സന്‍ തോമസ് നേതൃത്വം കൊടുക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മിറ്റിക്ക് അഭിമാനാര്‍ഹമായി.

 രാവിലെ 10.30 ന് ഭരതനാട്യം മത്സരത്തോടെ ആരംഭിച്ച മത്സരങ്ങള്‍ യുക്മ മുന്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ജാക്‌സന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി സരേഷ് നായര്‍ സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, നാഷണല്‍ കലാമേള ജനറല്‍ കണ്‍വീനറും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ സാജന്‍ സത്യന്‍, ദേശീയ സമിതിയംഗം കുര്യന്‍ ജോര്‍ജ്, നാഷണല്‍ ഉപദേശക സമിതിയംഗം തമ്പി ജോസ്, യുക്മ സാംസ്‌കാരിക സമിതി വൈസ് ചെയര്‍മാന്‍ ജോയി അഗസ്തി, ഡോ.സിബി വേകത്താനം  റീജിയന്‍ ഭാരവാഹികളായ  കെ.ഡി.ഷാജിമോന്‍, ബിജു പീറ്റര്‍, രാജീവ്.സി.പി., പുഷ്പരാജ് അമ്പലവയല്‍, ജോബി സൈമണ്‍, ബിനു വര്‍ക്കി, ഷിജോ വര്‍ഗ്ഗീസ്, തങ്കച്ചന്‍ എബ്രഹാം, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോജിമോള്‍ തേവാരില്‍, അസോസിയേഷന്‍ പ്രസിഡന്റുമാരായ അനീഷ് കുര്യന്‍, ജിപ്‌സ്ന്‍, ജോഷി മാനുവല്‍, സ്‌പോണ്‍സര്‍മാരായ ജോയ് തോമസ് (അലൈഡ് ഫിനാന്‍സ്), ജയ്‌സന്‍ കുര്യന്‍ (മൂണ്‍ ലൈറ്റ് ബെഡ് റൂംസ് & കിച്ചന്‍), ജോഷി മാനുവല്‍ (റോസ്റ്റര്‍ കെയര്‍), ഗില്‍ബര്‍ട്ട് (ഹെല്‍ത്ത് സ്‌കില്‍ ട്രെയിനിംഗ്) തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. 

മത്സരശേഷം നടന്ന സമാപന സമ്മേളനം യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.നവംബര്‍ 2 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ദേശീയ കലാമേളയുടെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് അലക്‌സ് തന്റെ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് നടന്ന സമ്മാനദാനത്തില്‍ ചാമ്പ്യന്‍ അസോസിയേഷനായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് അലക്‌സ് വര്‍ഗ്ഗീസ് എവര്‍ റോളിംഗ് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന് നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ജാക്‌സന്‍ തോമസ്, സെക്രട്ടറി സുരേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. വിജയികള്‍ക്ക് റീജിയന്‍, അസോസിയേഷന്‍ ഭാരവാഹികള്‍, ജഡ്ജസ്, സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

രണ്ട് വേദികളിലായി നടന്ന മത്സരങ്ങള്‍ വളരെ കൃത്യമായി എണ്ണയിട യന്ത്രം പോലെ സംഘാടക സമിതി പ്രവര്‍ത്തിച്ചപ്പോള്‍ സമയത്ത് തന്നെ മത്സരങ്ങളെല്ലാം തീര്‍ത്ത് സമ്മാനദാനം നിര്‍വ്വഹിക്കാനായി. കുര്യന്‍ ജോര്‍ജ്, ബിജു പീറ്റര്‍, രാജീവ്, ജോബോയ് ജോസഫ് എന്നിവര്‍ നിയന്ത്രിച്ച ഓഫീസ് ഒരു കാര്യത്തിനും തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. സ്റ്റേജുകളെ നിയന്ത്രിച്ച ഷിജോ വര്‍ഗീസ്, കെ. ഡി. ഷാജിമോന്‍, ബിനുവര്‍ക്കി, ജോബി സൈമണ്‍ തുടങ്ങിയവര്‍ അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു. ബെന്‍സന്‍ ക്രമീകരിച്ച ലൈറ്റ് & സൗണ്ട് മികച്ച രീതിയില്‍ മത്സരങ്ങളെ സഹായിച്ചു. ജോണി കണിവേലില്‍ ഒരുക്കിയ ഫുഡ് സ്റ്റാളും, കുട്ടികളുടെ സ്‌നാക്ക്‌സ് ബാറും ഭക്ഷണ കാര്യങ്ങള്‍ ക്രമീകരിച്ചു.

 യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് മോര്‍ട്‌ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ആയിരുന്നു കലാമേളയുടെ മെഗാ സ്‌പോണ്‍സര്‍മാര്‍. യുകെയിലെ പ്രമുഖ ഫര്‍ണിച്ചര്‍ സ്ഥാപനമായ മൂണ്‍ ലൈറ്റ് ബെഡ്‌റൂംസ് & കിച്ചന്‍ (കേരളത്തില്‍ നാട്ടിലെ കസ്റ്റമേഴ്‌സിന് വേണ്ടി കൊച്ചിയില്‍ ഫാക്ടറിയും ഓഫീസും പ്രവര്‍ത്തിക്കുന്നു), ഹെല്‍ത്ത് സ്‌കില്‍ ട്രെയിനിംഗ്, റോസ്റ്റര്‍ കെയര്‍ നഴ്‌സിംഗ് ഏജന്‍സി, വിഗന്‍, ലവ് 2 കെയര്‍ നഴ്‌സിംഗ് ഏജന്‍സി (പുതിയ ഓഫീസ് ലിവര്‍പൂളില്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നു.) എന്നിവരായിരുന്നു കലാമേളയുടെ സ്‌പോണ്‍സേഴ്‌സ്.

 

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള വന്‍പിച്ച വിജയമാക്കിത്തീര്‍ത്തതിന് റീജിയന്‍ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി സുരേഷ് നായര്‍ നന്ദി രേഖപ്പെടുത്തി.

(പി.ആര്‍.ഒ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍)
കൂടുതല്‍വാര്‍ത്തകള്‍.