യുക്മയുടെ പ്രമുഖ റീജിയനായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ എസ്സെസ്സിലെ റെയ്‌ലിയിലുള്ള സ്വെയന്‍ പാര്‍ക്ക് സ്‌കൂളില്‍ നടത്തപ്പെട്ടു. വാശിയേറിയ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കലാമേളയില്‍ നോര്‍വിച് മലയാളി അസോസിയേഷന്‍ 177 പോയിന്റ് നേടി ലോ ആന്‍ഡ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിങ്ങ് ട്രോഫിയും ചാമ്പ്യന്‍ പട്ടവും കരസ്ഥമാക്കി. ലുട്ടണ്‍ കേരളൈറ്റ്‌സ് അസോസിയേഷനും കേംബ്രിഡ്ജ് മലയാളി അസോസിയേഷനും 44 പോയിന്റുകള്‍ വീതം നേടി രണ്ടാം സ്ഥാനം നേടി. സൗത്ത്എന്‍ഡ് മലയാളി അസോസിയേഷന്‍ 39 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റീജിയന്‍ പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തില്‍ റീജിയന്‍ സെക്രെട്ടറി സിബി ജോസഫ് കലാമേളയില്‍ പങ്കെടുക്കാന്‍ എത്തിയ മത്സരാര്‍ത്ഥികളെയും കാണികളെയും യുക്മ നേതാക്കളെയുംസ്വാഗതം ചെയ്തു സംസാരിച്ചു. നാഷണല്‍ ഭാരവാഹികളായ എബി സെബാസ്റ്റ്യന്‍, സലീന സജീവ് മറ്റു റീജിയന്‍ ഭാരവാഹികളും അണി നിരന്ന വേദിയില്‍ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ മുന്‍ ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് നിര്‍വഹിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്‌ററ്യനും യുക്മ മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും കലാമേളയ്ക്ക് ആശംസ നേര്‍ന്നു സംസാരിച്ചു.
സൗത്ത് എന്‍ഡ് മലയാളി അസോസിയേഷനിലെ നെസ്സിന്‍ നൈസ് പങ്കെടുത്ത നാലു മത്സരങ്ങളിലും പ്രഥമ സ്ഥാനം നേടി കലാതിലകം
പട്ടം കരസ്ഥമാക്കി. ലുട്ടണ്‍ കേരളൈറ്റ്‌സ് അസോസിയേഷനിലെ ടോണി അലോഷ്യസ് കലാപ്രതിഭ യായും അഖില അജിത് നാട്യമയൂരമായും തെരഞ്ഞെടുക്കപ്പട്ടു. നോര്‍വിച് മലയാളി അസ്സിസിയേഷന്‍ അംഗമായ ഹെലോയിസ് ആന്റണി ഭാഷാകേസരി പുരസ്‌കാരവും നേടി.
വ്യക്തിഗത ചാമ്പ്യന്മാരായി കിഡ്‌സ് വിഭാഗത്തില്‍ ദേവനന്ദ ബിബിരാജ് ( എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ), സബ് ജൂനിയര്‍ വിഭാഗത്തില്‍ നെസ്സിന്‍ നൈസ് (സൗത്ത് എന്‍ഡ് മലയാളി അസോസിയേഷന്‍ ), ജൂനിയര്‍ വിഭാഗത്തില്‍ ടെസ്സ സൂസന്‍ ജോണ്‍ (കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ), സീനിയര്‍ വിഭാഗത്തില്‍ അഖില അജിത് ( ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ )തെരഞ്ഞെടുക്കപ്പെട്ടു.
സമാപന യോഗത്തില്‍ യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ളയും റീജിയന്‍ ഭാരവാഹികളും വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കൃത്യതയാര്‍ന്ന പ്രോഗ്രാം ക്രമീകരണത്തിലൂടെ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി യാതൊരു വിധ പരാതികള്‍ക്കും ഇട നല്‍കാതെ നടന്ന കലാമേള സംഘാടകര്‍ക്ക് അഭിമാനിക്കാന്‍ കാരണമായി. കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച റീജിയന്‍ കമ്മറ്റി അംഗങ്ങള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, കലാമത്സരങ്ങളില്‍ പങ്കെടുത്ത മത്സരാത്ഥികള്‍, മത്സരാത്ഥികളായ തങ്ങളുടെ കുട്ടികള്‍ക്ക് എല്ലാവവിധ പിന്തുണയുമായിയെത്തിയ മാതാപിതാക്കള്‍ , കലാമത്സരങ്ങള്‍ കാണാനെത്തിയ യുക്മ സ്‌നേഹികളെയും യുക്മ ഈസ്റ്റ് ആംഗ്ലിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദിച്ചു. വന്നവര്‍ക്കെല്ലാം രുചികരമായ ഭക്ഷണങ്ങള്‍ ലൈവ് കിച്ചണ്‍ ഒരുക്കി നല്‍കിയ എ ജെ കേറ്ററിംങ് പ്രത്യേകം ശ്രദ്ധ നേടി.
റജി നന്തികാട്ട് ( പി. ആര്‍. ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ )