CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 16 Minutes 16 Seconds Ago
Breaking Now

പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തണം: 2026 നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്നണികളോട് ആവശ്യപ്പെട്ട് യുക്മ

യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ  മലയാളി അസോസിയേഷന്‍സ്) 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ പ്രധാന രാഷ്ട്രീയ മുന്നണികള്‍ക്ക് പ്രവാസി ആസ്തി സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്രമായ നിയമനിര്‍മ്മാണം നടത്തണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചു. യുകെയിലെ 155 മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എന്‍.ആര്‍.ഐകളും ഒ.സി.ഐ സ്റ്റാറ്റസ് ഉള്ളവരുമായ പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ശ്രീ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ, യു.ഡി.എഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ബെന്നി ബഹനാന്‍ എം.പി, എന്‍.ഡി.എ മുന്നണിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കാണ്  യുക്മ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശങ്ങള്‍ കൈമാറിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനും മുന്നണി നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി വിവിധ മുന്നണികള്‍ക്കായി അതത് രാഷ്ട്രീയ മുന്നണി നേതാക്കളുമായി ബന്ധമുള്ള യുക്മ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഡോ. ബിജു പെരിങ്ങത്തറ, സി.എ ജോസഫ്, സുജു ജോസഫ് (എല്‍.ഡി.എഫ്), വര്‍ഗ്ഗീസ് ഡാനിയേല്‍, സണ്ണിമോന്‍ മത്തായി, ജിപ്‌സണ്‍ തോമസ് (യു.ഡി.എഫ്), മനോജ്കുമാര്‍ പിള്ള, അബ്രാഹം പൊന്നുംപുരയിടം, ജോണ്‍ വടക്കേമുറി (എന്‍.ഡി.എ). എന്നിവര്‍ക്കാണ് ഈ നിര്‍ദ്ദേശങ്ങളുടെ തുടര്‍നടപടികള്‍ക്കായി ചുമതല നല്‍കിയിട്ടുള്ളത്. ഇക്കഴിഞ്ഞ യുക്മ ദേശീയ മിഡ്‌ടേം ജനറല്‍ ബോഡിയില്‍ ദേശീയ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്ന് അഡ്വ. ജോബി പുതുക്കുളങ്ങരയുടെ നേതൃത്വത്തില്‍ സ്മിതാ തോട്ടം, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ജെയ്‌സണ്‍ ചാക്കോച്ചന്‍, ബിജു പീറ്റര്‍, സുരേന്ദ്രന്‍ ആരക്കോട്ട്, ജോര്‍ജ്ജ് തോമസ്, ബെന്നി അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചത്.     

പ്രവാസി സമൂഹം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്‍കുന്ന സംഭാവന വളരെ വലുതാണെന്നും അവരുടെ നിക്ഷേപങ്ങള്‍ പ്രധാനമായും റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, സ്റ്റാര്‍ട്ടപ്പുകള്‍, സഹകരണ മേഖല, ചെറുകിട വ്യവസായങ്ങള്‍ എന്നിവയിലേക്ക് എത്തുന്നുവെന്നും യുക്മ കത്തില്‍ വ്യക്തമാക്കുന്നു. പ്രവാസികളുടെ വിദേശവിനിമയ വരുമാനവും നിക്ഷേപങ്ങളും കേരളത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് നിര്‍ണായകമാണെന്നും സംഘടന ഓര്‍മിപ്പിക്കുന്നു.

എന്നാല്‍ അടുത്തകാലത്ത് പ്രവാസികളുടെ ഭൂമി, വീടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്ക് ലോക്കറുകള്‍, സ്വര്‍ണ്ണ നിക്ഷേപങ്ങള്‍, സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയ ആസ്തികള്‍ സംബന്ധിച്ച് അനധികൃത ഇടപാടുകള്‍, വ്യാജ രജിസ്‌ട്രേഷന്‍, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി, അനധികൃത മ്യൂട്ടേഷന്‍, ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം തുടങ്ങിയ പരാതികള്‍ വര്‍ധിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടി.

 

ഈ സാഹചര്യത്തില്‍ ''കേരള എന്‍.ആര്‍.ഐ & ഒ.സി.ഐ ആസ്തി സംരക്ഷണ നിയമം'' രൂപീകരിക്കുമെന്ന് 2026 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുക്മ മുന്നണികളോട് ആവശ്യപ്പെട്ടു.

 

നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്:

 

ഓരോ ജില്ലയിലും എന്‍.ആര്‍.ഐ/ഒ.സി.ഐ ആസ്തി സംരക്ഷണ സെല്‍ രൂപീകരിക്കല്‍

 

ആസ്തി കൈമാറ്റത്തിന് മുമ്പ് ഡിജിറ്റല്‍ അലര്‍ട്ട് സംവിധാനം

 

രജിസ്‌ട്രേഷന്‍ സമയത്ത് ബയോമെട്രിക്, വീഡിയോ സ്ഥിരീകരണം

 

പ്രവാസി ആസ്തി തര്‍ക്കങ്ങള്‍ക്ക് ഫാസ്റ്റ് ട്രാക്ക് ട്രൈബ്യൂണല്‍

 

എന്‍.ആര്‍.ഐ/ഒ.സി.ഐ പരാതികള്‍ക്ക് പ്രത്യേക പോലീസ് പ്രോട്ടോക്കോള്‍

 

സഹകരണ ബാങ്കുകളില്‍ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍

 

അതേസമയം ബാങ്കിംഗ്, വിദേശവിനിമയം, ഓഹരി വിപണി, പൗരത്വം തുടങ്ങിയ യൂണിയന്‍ ലിസ്റ്റ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള ശുപാര്‍ശകളും യുക്മ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രത്യേകിച്ച് എന്‍.ആര്‍.ഐ അക്കൗണ്ടുകളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധിത അലര്‍ട്ട്, പവര്‍ ഓഫ് അറ്റോര്‍ണി കേന്ദ്ര രജിസ്ട്രി, ഒ.സി.ഐ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള സ്വത്ത് ഇടപാടുകള്‍ക്ക് അംഗീകാരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രവാസികള്‍ കേരളത്തിലേക്ക് എത്തിക്കുന്ന വിദേശവിനിമയം സംസ്ഥാനത്തിന്റെ സാമ്പത്തിക ശക്തിയുടെ അടിസ്ഥാനമാണെന്നും അവരുടെ ആസ്തി സംരക്ഷണം സാമൂഹിക സുരക്ഷ മാത്രമല്ല, സാമ്പത്തിക ആവശ്യകതയുമാണ് എന്നും യുക്മ വ്യക്തമാക്കി.

ഈ വിഷയത്തില്‍ ആവശ്യമായാല്‍ വിശദമായ നിയമ രൂപരേഖ തയ്യാറാക്കി നല്‍കാനും നയചര്‍ച്ചകളില്‍ പങ്കെടുക്കാനും യുക്മ തയ്യാറാണെന്ന് സംഘടന അറിയിച്ചു. യു.കെയിലെ വിവിധയിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനായി അലക്‌സ് വര്‍ഗ്ഗീസ്, സുനില്‍ ജോര്‍ജ്ജ്, ഷാജി വരാക്കുടി, ജോബിന്‍ ജോര്‍ജ്, അമ്പിളി സെബാസ്റ്റ്യന്‍, ജോഷി തോമസ്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ് എന്നിവരെ ചുമതലപ്പെടുത്തി.

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍)

 

 




കൂടുതല്‍വാര്‍ത്തകള്‍.