CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 42 Seconds Ago
Breaking Now

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ്; യുകെയില്‍ ''പുതുയുഗ കേരളം'' ക്യാമ്പയിനിന് ബ്രിസ്റ്റോളില്‍ തുടക്കമായി; ഒ.ജെ. ജനീഷ് കുമാര്‍, കമല്‍ ദലിവാള്‍, വിക്രം ദുഹാന്‍ എന്നിവര്‍ മുഖ്യാതിഥികളായി

ബ്രിസ്റ്റോള്‍. ഐഒസി യുകെ ബ്രിസ്റ്റോള്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക സംഗമവും യൂണിറ്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. കേരളത്തിലെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയായി ''പുതുയുഗ കേരളം'' ക്യാമ്പയിന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് കുമാര്‍, ഐഒസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, കേരള ചാപ്റ്ററിന്റെ ചുമതലയുള്ള നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയേല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള ഐഒസി പ്രവര്‍ത്തകരും സമൂഹത്തിലെ പ്രമുഖരും പരിപാടിയില്‍ പങ്കാളികളായി.

ഐഒസി യുകെ ബ്രിസ്റ്റോള്‍ ചാപ്റ്റര്‍ പ്രസിഡന്റ് സാനു സാമുവല്‍ അധ്യക്ഷത വഹിച്ചു. ഐഒസി യുകെ ബ്രിസ്റ്റോള്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ടിജോ തോമസ് സ്വാഗതം ആശംസിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് കുമാര്‍ പരിപാടി ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതില്‍ ഐഒസി പോലുള്ള സംഘടനകളുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയേല്‍ മുഖ്യാതിഥിയായി സംസാരിച്ചു. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹസേവന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ദിശാബോധം നല്‍കുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ഐഒസി യുകെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, കേരള ചാപ്റ്ററിന്റെ ചുമതലയുള്ള നാഷണല്‍ ജനറല്‍ സെക്രട്ടറി വിക്രം ദുഹാന്‍ എന്നിവരും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. സുജു കെ. ഡാനിയേലിന്റെ നേതൃത്വത്തില്‍ യുകെയില്‍ കേരളീയര്‍ക്കിടയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കമല്‍ ദലിവാള്‍ പറഞ്ഞു. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി യുകെ മലയാളികള്‍ക്ക് ശക്തമായ പിന്തുണ നല്‍കാന്‍ കഴിയുമെന്നും മുന്‍കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകേണ്ടതുണ്ടെന്നും വിക്രം ദുഹാന്‍ അഭിപ്രായപ്പെട്ടു.

ബ്രിസ്റ്റോളില്‍ ആരംഭിച്ച ''പുതുയുഗ കേരളം'' ക്യാമ്പയിന്‍ ഐഒസി യുകെയുടെ വിവിധ യൂണിറ്റുകളിലും ഉടന്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വികസന കാഴ്ചപ്പാടുകളും ജനാധിപത്യ മൂല്യങ്ങളും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഐഒസി യുകെ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷരീഫ് അബ്ദുള്ള, ഐഒസി യുകെ യുവജന വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ് എഫ്രേം സാം, ഐഒസി യുകെ ബ്രിസ്റ്റോള്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സജി ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യവും അവര്‍ ചൂണ്ടിക്കാട്ടി.

യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഘട്ടമാണെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുകയും സമഗ്രമായ വികസനം ഉറപ്പാക്കുകയും ചെയ്യുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ സാമൂഹ്യനീതി, മതനിരപേക്ഷത, ജനാധിപത്യ ഭരണ സംവിധാനം എന്നീ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ വിശ്വാസം നേടിയ ഒരു പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹ്യസുരക്ഷ, കര്‍ഷക ക്ഷേമം തുടങ്ങിയ മേഖലകളില്‍ ജനകീയ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്നും അവര്‍ പറഞ്ഞു.

കേരളത്തിന്റെ ഭാവി വികസനത്തിനായി യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും കൂടുതല്‍ പിന്തുണ ഉറപ്പാക്കുക, സാമൂഹിക സൗഹൃദവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നുവെന്നും അതിനാല്‍ ജനങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ശക്തികള്‍ക്ക് പിന്തുണ നല്‍കണമെന്നും യോഗത്തില്‍ ആഹ്വാനം ചെയ്തു. ഐഒസി യുകെ ബ്രിസ്റ്റോള്‍ ചാപ്റ്റര്‍ ട്രഷറര്‍ അലക്‌സ് എബ്രഹാം നന്ദി രേഖപ്പെടുത്തി. ബ്രിസ്റ്റോള്‍ മേഖലയിലെ ഇന്ത്യന്‍ സമൂഹത്തെ ഒന്നിപ്പിക്കുകയും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുകയും ചെയ്ത പരിപാടിയായി പൊതുയോഗം മാറി.

 

 




കൂടുതല്‍വാര്‍ത്തകള്‍.