Breaking Now

യു കെ മലയാളികളുടെ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷനോടൊപ്പം മലയാളി ഡോക്ടര്‍മാരും നേഴ്‌സുമാരും പരസ്പര സഹായ സംരംഭ രൂപീകരണത്തിന്

കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകര്‍ച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുമ്പോള്‍, പല രാജ്യങ്ങളും, സന്ദര്‍ശകരെ വിലക്കിയും, കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയും, പൊതുസമ്പര്‍ക്ക പരിപാടികള്‍ ഒഴിവാക്കിയും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍, നമ്മള്‍ ജീവിക്കുന്ന യുകെ മഹാരാജ്യവും മുന്‍കരുതലുകള്‍ എടുത്തു തുടങ്ങി. പനി, ചുമ, തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ ഉള്ളവര്‍ 7 ദിവസം മുതല്‍ 14 ദിവസം വരെ അന്യ സമ്പര്‍ക്കമില്ലാതെ വീടുകളില്‍ മാത്രം താമസിക്കുവാനും, അത്യാവശ്യമെങ്കില്‍ മാത്രം 111 വിളിച്ച് വൈദ്യ സഹായം തേടുവാനുമാണ് ഇപ്പോള്‍ യു കെ അഭിമുഖീകരിക്കുന്ന 'ഡിലെ ഫെയ്‌സിലെ' ഉന്നതതല തീരുമാനം. 

ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുള്ള ഈ സാംക്രമിക രോഗം, ശാരീരികമായി മാത്രമല്ലാതെ, മാനസികമായി കൂടി ആള്‍ക്കാരെ കൊല്ലുമെന്ന് ഇരുന്നൂറില്‍ അധികം ശാസ്ത്രവിശാരദന്മാര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍, യു കെ യിലെ സമൂഹ സ്‌നേഹിയായ മലയാളി ഡോക്ടര്‍ സോജി അലക്‌സ് തന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും  കൂടി ചേര്‍ത്ത് മുന്നോട്ട് വച്ച ഒരു നിര്‍ദ്ദേശമാണ് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ പരസ്പര സഹായ സംരംഭം എന്ന ആശയത്തിന് കാരണമാകുന്നത്.

നിപ്പ വൈറസിനെയും, കേരളത്തില്‍ പടര്‍ന്നു പിടിച്ച മറ്റു സാംക്രമിക രോഗങ്ങളെയും, കൊറോണ വൈറസിനെതിരായ നമ്മുടെ ചെറിയ സംസ്ഥാനത്തിന്റെ പോരാട്ടത്തിനെയും  പോലും ഉള്‍ക്കൊള്ളുവാനാകാതെ, രോഗം സംശയിക്കപ്പെടുന്നവരെയോ, രോഗബാധിതരെയോ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവസരത്തില്‍, സഹജീവിയുടെ നിസ്സഹായാവസ്ഥയില്‍ എന്നും തുണയായി നിന്നിട്ടുള്ള യു കെ യിലെ പ്രവാസി മലയാളി സമൂഹത്തെ ഒറ്റക്കെട്ടാക്കി നിലനിര്‍ത്തി പരസ്പരം സഹായിക്കുവാനുള്ള വേദി സംജാതമാക്കാനുള്ള തീരുമാനമാണ് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ നടപ്പാക്കാന്‍ യത്‌നിക്കുന്നത്.

യു കെ യിലെ ഏതൊരു മലയാളിയും  കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി അന്യ സമ്പര്‍ക്കമില്ലാതെ താമസിക്കേണ്ടി വരുന്ന സാഹചര്യത്തില്‍, പ്രബുദ്ധരായ ഒരു സമൂഹം എന്ന നിലയില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങളും, സാഹചര്യങ്ങളും ഒരുക്കുന്നതിനാണ് നമ്മള്‍ ശ്രമിക്കുന്നത്.

 ആശങ്കാകുലര്‍ക്ക് ആശ്രയമായി വിളിക്കുന്നതിന് എമെര്‍ജെന്‍സി നമ്പറായ 111 മാത്രമാണ് നിലവില്‍ നല്കപ്പെട്ടിരിക്കുന്നത്. കാലികപ്രാധാന്യം കൊണ്ട് 111 കോളുകള്‍ക്ക് മറുപടി ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യം നിലവില്‍ വരുമ്പോള്‍,  ഡോക്ടര്‍മാരെയും, നേഴ്‌സുമാരെയും മറ്റു യു കെ മലയാളികളെയും ഏകോപിപ്പിച്ചുകൊണ്ട്   ഏതൊരു യു കെ മലയാളിക്കും പ്രാപ്യമാകുന്ന തരത്തില്‍, അവര്‍ക്ക് സഹായകമായ വിവരങ്ങള്‍ ഫോണിലൂടെ നല്‍കുന്നതിനുള്ള സംവിധാനമാണ് ആദ്യമായി നിലവില്‍ വരുന്നത്. 

യു കെ യിലുള്ള മറ്റ് മലയാളി ഡോക്ടര്‍മാരെയും ഈ ശ്രേണിയിലേക്ക് കൊണ്ടുവരുന്നതിനും, യു കെ യെ പല സോണുകളായി തിരിച്ച് ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്നതിനുമുള്ള ശ്രമം യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ തുടങ്ങിക്കഴിഞ്ഞു. 

ഇതിന്റെ കൂടെ തന്നെ അസുഖ ബാധിതരെയോ, ആശങ്കാകുലരെയോ മാനസികമായി സഹായിക്കുന്നതിന് യു കെ യിലെ പ്രമുഖ നേഴ്‌സുമാരെയും, ആരോഗ്യസോഷ്യല്‍ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ചേര്‍ത്ത് കൊണ്ടുള്ള  നീക്കവും ഈ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമാണ്. 

അന്യ സമ്പര്‍ക്കമില്ലാതെ വീടുകളില്‍ മാത്രം കഴിയേണ്ടി വരുന്ന മലയാളികള്‍ക്ക് തുണയായി ആവശ്യ സാധനങ്ങളോ മരുന്നുകളോ എത്തിച്ച്  കൊടുക്കുന്നതിനുള്ള സന്നദ്ധ സംഘടനയും ഇതിന്റെ ഭാഗമായുണ്ട്. യു കെ യിലെ ഏതൊരു പ്രവിശ്യയിലും, ഏതൊരു മലയാളിക്കും ഈ അടിയന്തിര ഘട്ടത്തില്‍ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ യു കെ യിലെ മലയാളികളില്‍  നിന്ന് പ്രായജാതിമതലിംഗ വ്യത്യാസമെന്യേ സഹകരണം യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇപ്രകാരം ഒരു ആലോചന നിലവില്‍ വന്ന ദിവസം തന്നെ 90 ല്‍ അധികം പേര്‍ സന്നദ്ധ പ്രവര്‍ത്തകരായി രംഗത്ത് വന്നു എന്നുള്ളത് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന് അഭിമാനകരമാണ്. 

.യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഈ അടിയന്തിര ഘട്ടത്തില്‍ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്‌നേഹമുള്ള മുഴുവന്‍ മലയാളികളുടെയും സേവനം അഭ്യര്‍ത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെങ്കില്‍, താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക 

 

സുരേഷ് കുമാര്‍            07903986970 

റോസ്ബിന്‍                     07428571013 

ബിനു ജോസ്                   07411468602 

ബിബിന്‍ എബ്രഹാം      07534893125 

ബാബു എം ജോണ്‍        07793122621 

ഓസ്റ്റിന്‍ അഗസ്റ്റിന്‍        07889869216 

കിരണ്‍ സോളമന്‍         07735554190 

സാം തിരുവാതിലില്‍   07414210825 

തോമസ് ചാക്കോ           07872067153 

റജി തോമസ്                    07888895607 

 

 
കൂടുതല്‍വാര്‍ത്തകള്‍.