Breaking Now

ബ്രിട്ടന്‍ അടച്ചുപൂട്ടി ബോറിസ്; വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിന് വിലക്ക്; ഇളവ് ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാന്‍ മാത്രം; ദിവസം ഒരു വ്യായാമമാകാം; നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് പോലീസിന്റെ വക 'പിഴ' കാത്തിരിക്കുന്നു; രണ്ട് പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടരുത്!

പൊതുജനങ്ങള്‍ക്കുള്ള തന്റെ സന്ദേശം വളരെ സിംപിളാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 'നിങ്ങള്‍ വീടുകളില്‍ തുടരണം'

കൊറോണാവൈറസിനെ പ്രതിരോധിക്കാന്‍ ബോറിസ് ജോണ്‍സന്റെ 'അടച്ചുപൂട്ടല്‍' പ്രയോഗം. അത്യാവശ്യമല്ലാത്ത എല്ലാ ഷോപ്പുകളും അടിയന്തരമായി അടച്ചിടാന്‍ ഉത്തരവിട്ട പ്രധാനമന്ത്രി വീടുകളില്‍ അടങ്ങി ഇരിക്കാന്‍ തയ്യാറാകാത്തവരെ കാത്ത് പിഴയും, അറസ്റ്റും കാത്തിരിക്കുന്നുണ്ടെന്നും ഭീഷണി മുഴക്കി. രണ്ട് പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെ സമാധാനകാലത്തും, യുദ്ധസമയത്തും ബ്രിട്ടന്‍ ഇന്നുവരെ കാണാത്ത സ്വാതന്ത്ര്യ വെട്ടിച്ചുരുക്കലുകളാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

മാരകമായ രോഗത്തെ ഏത് വിധേനയും തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെയാണ് ലോക്ക്ഡൗണ്‍. ഫാമിലി റീയൂണിയന്‍, വിവാഹങ്ങള്‍, ബാപ്ടിസം, മറ്റ് ചടങ്ങുകള്‍ എന്നിവയെല്ലാം റദ്ദാക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നുള്ള അഭിസംബോധനയില്‍ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. എന്‍എച്ച്എസ് സമ്മര്‍ദത്തില്‍ തകരുന്നത് ഒഴിവാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വന്നതോടെയാണ് ഈ നീക്കം. സംസ്‌കാര ചടങ്ങുകള്‍ വിരലില്‍ എണ്ണാവുന്ന അടുത്ത ബന്ധുക്കളെ മാത്രം ഉള്‍ക്കൊള്ളിച്ച് മുന്നോട്ട് പോകും. 

അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും, മെഡിക്കല്‍ സഹായത്തിനും, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രം ജോലിക്ക് പോകാനുമാണ് ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങേണ്ടത്. ദിവസത്തില്‍ ഒരു നേരം വ്യായാമത്തിന് പുറത്തിറങ്ങാമെങ്കിലും പാര്‍ക്കുകളില്‍ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ പട്രോളിംഗ് നടത്തും. നിബന്ധനകള്‍ പാലിക്കാത്ത അവസ്ഥയില്‍ പിഴ ഈടാക്കാന്‍ പോലീസിന് അധികാരമുണ്ടാകും. കൂടാതെ ജനക്കൂട്ടം ഒത്തുകൂടുന്ന സാഹചര്യം ഉണ്ടായാല്‍ ഇത് പിരിച്ചുവിടാനും പോലീസിന് അധികാരം നല്‍കി. 

പൊതുജനങ്ങള്‍ക്കുള്ള തന്റെ സന്ദേശം വളരെ സിംപിളാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 'നിങ്ങള്‍ വീടുകളില്‍ തുടരണം'! സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന പലരും അനുസരിക്കാതെ വന്നതോടെയാണ് അന്തിമ നടപടിയായി പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗം പരത്താന്‍ വഴിയൊരുക്കിയ പാര്‍ക്കുകളും, ട്യൂബ് ട്രെയിനുകളും തിരക്കേറിയ അവസ്ഥയാണ് നേരിട്ടത്. 'ഭൂരിഭാഗം പേരും നിബന്ധന പാലിച്ചതിന് നന്ദി. പക്ഷെ ഇപ്പോള്‍ കൂടുതല്‍ ചെയ്യാനുള്ള സമയം വന്നിരിക്കുന്നു. കുടുംബങ്ങള്‍ തമ്മില്‍ രോഗം പടരുന്നത് ഒഴിവാക്കേണ്ടതുണ്ട്', ബോറിസ് വ്യക്തമാക്കി. 

യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ നടപ്പാക്കിയ വിലക്കുകള്‍ അനുബന്ധമായ നടപടികളാണ് കോബ്രാ എമര്‍ജന്‍സി മീറ്റിംഗിന് ശേഷം സര്‍ക്കാര്‍ ഒപ്പുവെച്ചത്. മൂന്നാഴ്ചത്തേക്കാണ് വിലക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും പ്രശ്‌നങ്ങള്‍ തീരാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സുഹൃത്തുക്കളെയും, വീട്ടില്‍ താമസിക്കാത്ത കുടുംബാംഗങ്ങളെയും കാണാന്‍ ആരും ഈ ഘട്ടത്തില്‍ ശ്രമിക്കരുതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുമെങ്കിലും ഈ വിഷയത്തില്‍ എളുപ്പവഴികളില്ലാത്തതിനാലാണ് നടപടികളെന്ന് ബോറിസ് കൂട്ടിച്ചേര്‍ത്തു. 
കൂടുതല്‍വാര്‍ത്തകള്‍.