
















വമ്പന്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലാണ്. എന്നാല്‍ തുടര്‍ച്ചയായി നടത്തപ്പെടുന്ന പണിമുടക്കിനിടയിലും എന്‍എച്ച്എസ് 95 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചതോടെ സമരത്തിന് സ്വന്തം അംഗങ്ങള്‍ക്കിടയില്‍ നാമമാത്രമായ പിന്തുണയാണുള്ളതെന്ന് വ്യക്തമാകുകയാണ്.
ഇതോടെ സമരമുഖത്ത് എത്തുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വലിയ ഇടിവുള്ളതായി വ്യക്തമാകുന്നു. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ആരംഭിച്ച സമരങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച മാത്രമാണ് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടത്. എന്നാല്‍ ബിഎംഎ അംഗങ്ങള്‍ക്കിടയില്‍ സമരത്തിന് സ്വീകാര്യത കുറവാണെന്ന മികച്ച സൂചനയാണ് ഇപ്പോഴുള്ളതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കി വ്യക്തമാക്കി. 
മുന്‍പ് 12 തവണ നടത്തിയ സമരങ്ങളെ അപേക്ഷിച്ച് നാമമാത്രമാണ് പങ്കാളിത്തമാണ് റസിഡന്റ് ഡോക്ടര്‍മാരില്‍ നിന്നുള്ളത്. രോഗികളില്‍ വേദനയും, ദുരിതവും സൃഷ്ടിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28.9 ശതമാനം ശമ്പളവര്‍ദ്ധനവ് ലഭിച്ച ശേഷം ഇക്കുറി 26 ശതമാനം വര്‍ദ്ധന വേണമെന്നാണ് ബിഎംഎയുടെ ആവശ്യം.
സമരങ്ങള്‍ക്കിടയില്‍ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരാന്‍ ജീവനക്കാര്‍ നടത്തുന്ന ഹീറോ പരിശ്രമങ്ങള്‍ക്ക് എന്‍എച്ച്എസ് നേതാക്കള്‍ക്ക് അയച്ച കത്തില്‍ ജെയിംസ് നന്ദി അറിയിച്ചു. 95 ശതമാനം സേവനങ്ങളും തടസ്സമില്ലാതെ തുടരാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. 2023 മാര്‍ച്ച് മുതല്‍ ഡോക്ടര്‍മാര്‍ നടത്തുന്ന 13-ാമത്തെ പണിമുടക്കാണിത്. ഹെല്‍ത്ത് സര്‍വ്വീസിന് 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാണ് ഇതുമൂലം നേരിട്ടതെന്നാണ് കണക്ക്.