
















ബ്രിട്ടനില്‍ ജനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള ശ്രമത്തിലാണ് ട്രഷറി. എന്നാല്‍ അനാവശ്യമായി പാഴാക്കുന്ന പണത്തിന് ഒരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നാണ് ആരോപണം. 1.3 മില്ല്യണ്‍ വിദേശ പൗരന്‍മാര്‍ക്ക് യുകെയില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്നുവെന്ന ഔദ്യോഗിക കണക്കുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തുന്നത്.
യുകെ, ഐറിഷ് പൗരന്‍മാരല്ലാത്ത 1,270,107 പേര്‍ക്ക് തൊഴിലില്ലായ്മയ്ക്ക് കഴിഞ്ഞ മാസം ധനസഹായം നല്‍കിയെന്നാണ് ഏറ്റവും പുതിയ ഗവണ്‍മെന്റ് ഡാറ്റ വ്യക്തമാക്കുന്നത്. സെപ്റ്റംബറിലെ 1,255,955 എന്ന നിലയില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ്. എത്ര പുതിയ അപേക്ഷകരുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാകില്ലെന്നത് പ്രതിസന്ധിയാണ്. 
ഏകദേശം ഏഴ് മില്ല്യണ്‍ ജനങ്ങള്‍ ബ്രിട്ടീഷ്, ഐറിഷ് പൗരന്‍മാരാണ്. ഇതോടെ ആനുകൂല്യങ്ങള്‍ ഒഴുക്കി നല്‍കുന്നതിലെ ഔദാര്യം സംബന്ധിച്ചാണ് ചോദ്യം ഉയരുന്നത്. 760,000 ഇയു പൗരന്‍മാര്‍ക്കും ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ട്. ബ്രക്‌സിറ്റ് ഡീല്‍ വഴി രാജ്യത്ത് തുടരാന്‍ അര്‍ഹത ലഭിച്ചവര്‍ക്കാണ് ഈ സൗകര്യം ആസ്വദിക്കാന്‍ സാധിക്കുന്നത്.
ഇതിനിടെ അനധികൃത കുടിയേറ്റക്കാരുടെ അഭയാര്‍ത്ഥി അപേക്ഷകള്‍ പരാജയപ്പെട്ടാല്‍ ഇവരെ തിരിച്ചെടുക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഹോം സെക്രട്ടറി പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ്. അഭയാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവരെയും, വിദേശ ക്രിമിനലുകളെയും സ്വീകരിക്കാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാണ് ഷബാന മഹ്മൂദിന്റെ പദ്ധതി. ടൂറിസ്റ്റുകള്‍ക്ക് മുതല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വരെ ഈ വിലക്ക് ബാധകമാക്കുകയും ചെയ്യും.