Breaking Now

യുകെയില്‍ അടച്ചുപൂട്ടല്‍ ഫലം കാണുന്നു? 24 മണിക്കൂറില്‍ മരിച്ചവരുടെ എണ്ണം 43-ായി കുറഞ്ഞു; ഇന്‍ഫെക്ഷന്‍ ബാധിതരുടെ എണ്ണം 10,000-ലേക്ക് അടുക്കുന്നു; പറഞ്ഞാല്‍ അനുസരിക്കാത്തവര്‍ അധികൃതര്‍ക്ക് തലവേദനയായി മാറുമ്പോള്‍ കേരള പോലീസ് വഴി തന്നെ അഭികാമ്യം!

തിരക്കേറിയ ട്യൂബ് യാത്രകള്‍ റദ്ദാക്കാന്‍ പ്രഘാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിസമ്മതിച്ചു

പോലീസിന്റെ തല്ലുകൊള്ളുന്നത് യുകെ പോലുള്ള പാശ്ചാത്യ നാടുകളില്‍ അത്ര പതിവ് കാര്യമല്ല. കേരളത്തില്‍ അതല്ല സ്ഥിതി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അധികൃതരുടെ കണ്ണുവെട്ടിച്ച് കറങ്ങി പ്രശ്‌നം വഷളാക്കുന്നവരെ ആദ്യം ഉപദേശിച്ചും, പിന്നീട് ലാത്തി കൊണ്ടുള്ള കഷായം നല്‍കിയുമാണ് കേരള പോലീസ് വീട്ടില്‍ കയറ്റി സുരക്ഷിതരാക്കുന്നത്. യുകെയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും നിബന്ധനകള്‍ ലംഘിച്ച് വെയില്‍ കായാന്‍ ഇറങ്ങുന്നതിന് പുറമെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നീണ്ട ക്യൂവില്‍ പ്രത്യക്ഷപ്പെടുന്നതും തുടരുകയാണ്. 

ഇതിനിടയിലാണ് ഏക ആശ്വാസമായി കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന മരണങ്ങളുടെ പട്ടിക പുറത്തുവന്നത്. യുകെയില്‍ രേഖപ്പെടുത്തി മരണങ്ങള്‍ ചൊവ്വാഴ്ചത്തെ 87-ല്‍ നിന്നും 43 ആയി കുറഞ്ഞുവെന്നതാണ് ആശ്വാസമാകുന്നത്. എന്നാല്‍ മറുഭാഗത്ത് ഇന്‍ഫെക്ഷന്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും നേരിടുന്നു. 1452 പേരുടെ എണ്ണമേറി ആകെ രോഗബാധിതരുടെ എണ്ണം 9529 ആയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ രാത്രിയോടെ ഇംഗ്ലണ്ടില്‍ 28 രോഗികളാണ് മരണമടഞ്ഞത്. സ്‌കോട്ട്‌ലണ്ടില്‍ ആറ് രോഗികളും, വെയില്‍സില്‍ അഞ്ചും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നാല് രോഗികളും മരിച്ചു. ബ്രിട്ടനിലെ ആകെ മരണസംഖ്യ ഇതോടെ 465-ല്‍ എത്തിനില്‍ക്കുന്നു. 

ചൊവ്വാഴ്ച 87 മരിച്ചിടത്താണ് ഇന്നലെ കണക്കുകള്‍ നേര്‍പകുതിയായി കുറഞ്ഞത്. പക്ഷെ ബുധനാഴ്ച പുതുതായി 1452 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ആശ്വാസത്തിന് ഇടയിലും ആശങ്കയാകുന്നുണ്ട്. ഇതിനിടെ തങ്ങള്‍ പരിശോധിച്ച 97,019 പേരില്‍ 87,490 പേരും നെഗറ്റീവായി സ്ഥിരീകരിച്ചെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വ്യക്തമാക്കി. സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും 22 പേര്‍ വീതമാണ് കൊറോണാവൈറസിന് ഇരകളായത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഏഴ് പേരാണ് ഇതുവരെ മരിച്ചത്.

സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഇത് ലംഘിച്ച് പൊതുസ്ഥലത്ത് സണ്‍ബാത്തിംഗിന് ഇറങ്ങുന്ന ഞെട്ടിക്കുന്ന അവസ്ഥ ലോക്ക്ഡൗണിന്റെ രണ്ടാം ദിവസത്തിലും തുടരുകയാണ്. പാര്‍ക്കുകളിലും, മറ്റ് പൊതുസ്ഥലങ്ങളില്‍ നിന്നും ആളുകളെ പോലീസ് പിരിച്ച് വിടുന്ന കാഴ്ച പതിവായിക്കഴിഞ്ഞു. തിരക്കേറിയ എന്‍എച്ച്എസിനെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിവിടാതിരിക്കാനാണ് വീടുകളില്‍ തുടരാന്‍ ആളുകളെ ഉപദേശിക്കുന്നത്. 

വെയില്‍സ് രാജകുമാരന്‍ ചാള്‍സ് പോസിറ്റീവായി സ്ഥിരീകരിച്ചതിന് പിന്നാലെ ബുഡാപെസ്റ്റ് ബ്രിട്ടീഷ് എംബസി ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സ്റ്റീവന്‍ ഡിക്ക് കൊറോണ ബാധിച്ച് മരിച്ചതായി ഫോറിന്‍ ഓഫീസ് വ്യക്തമാക്കി. അതേസമയം തിരക്കേറിയ ട്യൂബ് യാത്രകള്‍ റദ്ദാക്കാന്‍ പ്രഘാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിസമ്മതിച്ചു. എന്‍എച്ച്എസ് ജീവനക്കാരുടെ യാത്രാസൗകര്യം ബ്ലാക്ക് ടാക്‌സി ഡ്രൈവര്‍മാരെ ഏല്‍പ്പിക്കാനുള്ള പദ്ധതി പരിഗണിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 
കൂടുതല്‍വാര്‍ത്തകള്‍.