CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Seconds Ago
Breaking Now

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണാവൈറസ് കേസുകളുമായി അമേരിക്ക; ചൈനയെയും, ഇറ്റലിയെയും പിന്നിലാക്കി 83,553 ഇന്‍ഫെക്ഷന്‍; ക്വാറന്റൈനും മരണസംഖ്യയെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ്; ദിവസം 2300 പേര്‍ മരിക്കും; പേടിക്കാനില്ലെന്ന് ട്രംപ്

അടുത്ത നാല് മാസം കൊണ്ട് അമേരിക്കയില്‍ 80,000 മരണങ്ങള്‍ സംഭവിക്കുമെന്നാണ് പുതിയ ഗവേഷണം നല്‍കുന്ന മുന്നറിയിപ്പ്

ലോകത്തില്‍ ഏറ്റവുമധികം കൊറോണാവൈറസ് ഇന്‍ഫെക്ഷനുകളുള്ള രാജ്യമായി അമേരിക്ക. 83,553 പേര്‍ക്ക് ഇന്‍ഫെക്ഷന്‍ സ്ഥിരീകരിച്ചതിന് പുറമെ 1205 പേര്‍ മരണമടയുകയും ചെയ്തു. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൈന, ഇറ്റലി എന്നീ രാജ്യങ്ങളെ യുഎസ് ആഗോള മഹാമാരിയില്‍ പിന്നിലാക്കി കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം മരണസംഖ്യയില്‍ ഇപ്പോഴും ഇറ്റലി മുന്നിലാണ്. എണ്ണായിരത്തിലേറെ പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഡിസംബര്‍ മുതല്‍ 3000-ഓളം മരണങ്ങളാണ് സംഭവിച്ചത്. ആഗോള തലത്തില്‍ കൊറോണാവൈറസ് ഇന്‍ഫെക്ഷനുകള്‍ അര മില്ല്യണായി ഉയര്‍ന്നിട്ടുണ്ട്. യുഎസില്‍ സ്ഥിതി മോശമാകുമെന്ന് ലോകാരോഗ്യ സംഘടന പ്രവചിച്ചതിന് പിന്നാലെയാണ് ഈ കണക്കുകള്‍ ശരിയാകുന്നത്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിനാല്‍ കൊറോണാവൈറസിന്റെ ആഗോള പ്രഭവകേന്ദ്രമായി രാജ്യം മാറുമെന്നാണ് ഡബ്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനിടെ 100 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സ്‌റ്റേറ്റില്‍ 385 മരണങ്ങളായി. ഈ സമയം കൊണ്ട് യുഎസില്‍ ആകെ 1205 പേര്‍ മരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കാണ് യുഎസില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് സ്ഥിരീകരിച്ച 50 ശതമാനം കേസുകളും ഇവിടെയാണ്. 37,000 പേര്‍ക്കാണ് ഇവിടെ ഇന്‍ഫെക്ഷന്‍ ബാധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ 281 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ലൂസിയാനയാണ് യുഎസിലെ പകര്‍ച്ചവ്യാധിയില്‍ മറ്റൊരു പ്രഭവകേന്ദ്രമായി മാറുന്നത്. 24 മണിക്കൂര്‍ കൊണ്ട് ഇന്‍ഫെക്ഷനുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. 2305 ഇന്‍ഫെക്ഷനുകളും, 83 മരണങ്ങളുമാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂജഴ്‌സിയില്‍ 6876 കേസുകളും, 81 മരണങ്ങളും, കാലിഫോര്‍ണിയയില്‍ 3899 കേസുകളും, 81 മരണങ്ങളും, വാഷിംഗ്ടണില്‍ 3207 കേസുകളും, 150 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അടുത്ത നാല് മാസം കൊണ്ട് അമേരിക്കയില്‍ 80,000 മരണങ്ങള്‍ സംഭവിക്കുമെന്നാണ് പുതിയ ഗവേഷണം നല്‍കുന്ന മുന്നറിയിപ്പ്. സാമൂഹിക അകലം പാലിക്കണമെന്ന നിലപാട് പാലിച്ചാലും ഏപ്രില്‍ ആകുന്നതോടെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുമെന്നാണ് പ്രവചനം. ദിവസേന 2300 രോഗികള്‍ മരിക്കുന്ന അവസ്ഥ വരുമെന്നും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകര്‍ പ്രവചിക്കുന്നു. അതേസമയം യുഎസില്‍ പരിശോധനകളുടെ എണ്ണമേറിയത് കൊണ്ടാണ് സ്ഥിരീകരിക്കുന്ന കേസുകള്‍ ഉയരുന്നതെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രവചനങ്ങളെ മറികടന്ന് വൈറസിനെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. 




കൂടുതല്‍വാര്‍ത്തകള്‍.