CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 34 Minutes 15 Seconds Ago
Breaking Now

24 മണിക്കൂര്‍, 621 മരണങ്ങള്‍, 5903 പുതിയ ഇന്‍ഫെക്ഷന്‍; ഇരകളായത് 33 വയസ്സ് മുതല്‍ 103 വയസ്സ് വരെ പ്രായമുള്ളവര്‍; ഇന്‍ഫെക്ഷന്‍ നിരക്ക് 60% ഉയര്‍ന്നു; ലോക്ക്ഡൗണ്‍ അനുസരിച്ചില്ലെങ്കില്‍ വ്യായാമം ചെയ്യാനുള്ള അനുമതിയും നിര്‍ത്തുമെന്ന് ഹെല്‍ത്ത് സെക്രട്ടറി

നിയമങ്ങള്‍ ലംഘിച്ച് വെയില്‍ കായാന്‍ ഇറങ്ങുന്നവര്‍ക്കെതിരെയാണ് ഹാന്‍കോക് ആഞ്ഞടിച്ചത്

ബ്രിട്ടനില്‍ കൊറോണാവൈറസ് മരണസംഖ്യയില്‍ 621 കൂടി ചേര്‍ന്നതോടെ മരണനിരക്ക് 4934-ലെത്തി. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതിരുന്ന 29 പേരെയാണ് കൊറോണ ഇക്കൂട്ടത്തില്‍ കവര്‍ന്നത്. 33 വയസ്സ് മുതല്‍ 103 വയസ്സ് വരെ പ്രായമുള്ളവരാണ് ഈ 24 മണിക്കൂറില്‍ മരണത്തിന് കീഴടങ്ങിയത്. ഇന്‍ഫെക്ഷന്‍ നിരക്കുകളില്‍ 60 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5903 പേര്‍ കൂടി പോസിറ്റീവായി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 47,806 ആയി ഉയര്‍ന്നു. 

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുമെന്ന പ്രതീക്ഷകളാണ് ഈ കണക്കുകള്‍ മൂലം അസ്ഥാനത്തായത്. ഇതിനിടെ പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചത് ആശ്വാസമാകുകയാണ്. ഞായറാഴ്ച രാവിലെ 9 മണിവരെ 195,524 പേരെയാണ് ടെസ്റ്റ് ചെയ്തത്. ഇതോടെ പ്രതിദിനം 12,000-ലേറെ ടെസ്റ്റുകളിലേക്ക് ബ്രിട്ടന്‍ കുതിച്ചു. രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് വിധേയരായ നിരവധി പേരുടെ പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുള്ളതിനാല്‍ പോസിറ്റീവ് കേസുകളുടെ എണ്ണമേറുമെന്ന് തന്നെയാണ് കരുതുന്നത്. 

മേഖലകള്‍ തിരിച്ചുള്ള മരണനിരക്ക് അനുസരിച്ച് ഇംഗ്ലണ്ടില്‍ 555 രോഗികള്‍ മരിച്ചതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈസ്റ്റ് ഇംഗ്ലണ്ടില്‍ 40, ലണ്ടനില്‍ 174, മിഡ്‌ലാന്‍ഡ്‌സ് 74, നോര്‍ത്ത് ഈസ്റ്റ് & യോര്‍ക്ക്ഷയര്‍ 103, നോര്‍ത്ത് വെസ്റ്റ് 47, സൗത്ത് ഈസ്റ്റ് 81, സൗത്ത് വെസ്റ്റ് 36 എന്നിങ്ങനെയാണ് മരണനിരക്ക്. പബ്ലിക് ഹെല്‍ത്ത് വെയില്‍സ് 12 മരണങ്ങളും, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് 7 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. സ്‌കോട്ട്‌ലണ്ടില്‍ രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പറയുന്നു. എന്നാല്‍ ഇവിടെ മരണങ്ങള്‍ രേഖപ്പെടുത്തുന്ന രീതി മാറ്റിയതാണ് ഈ നിരക്ക് കുറവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം കൊറോണാവൈറസ് ലോക്ക്ഡൗണ്‍ ലംഘിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ പുറത്തിറങ്ങി വ്യായാമം ചെയ്യാനുള്ള അനുവാദം തടയുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ഭീഷണിപ്പെടുത്തി. നിയമങ്ങള്‍ ലംഘിച്ച് വെയില്‍ കായാന്‍ ഇറങ്ങുന്നവര്‍ക്കെതിരെയാണ് ഹാന്‍കോക് ആഞ്ഞടിച്ചത്. ഏതാനും ചിലരുടെ നടപടി മൂലം പൊതുസ്ഥലത്തുള്ള എല്ലാ വ്യായാമങ്ങളും വിലക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നു എന്നത് അനുസരിച്ചാകും ലോക്ക്ഡൗണ്‍ അവസാനിക്കുകയെന്നും ഹാന്‍കോക് വ്യക്തമാക്കി. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി കാര്യങ്ങള്‍ കഠിനമാക്കി മാറ്റുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.