Breaking Now

2 വയസ്സുള്ള മകനെ ജനലിന് അപ്പുറം നിന്ന് കാണാന്‍ വിധിക്കപ്പെട്ട് നഴ്‌സ്; കൊറോണ പോരാട്ടം നഴ്‌സുമാരുടെയും, കുടുംബങ്ങളെയും ബാധിക്കുന്നതിന്റെ നേര്‍ചിത്രം വരച്ച് ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍; സെല്‍ഫ് ഐസൊലേഷന്‍ മൂലം 7 ആഴ്ചയ്ക്ക് ശേഷം ആ കണ്ടുമുട്ടല്‍

കുഞ്ഞിനെ സുരക്ഷിതമാക്കിയെങ്കിലും മകള്‍ അപകടത്തിന്റെ മുനമ്പിലാണെന്ന് രക്ഷിതാക്കള്‍ ഭയക്കുന്നു

ഏഴ് ആഴ്ചയോളം ഒന്ന് കാണാന്‍ പോലും കഴിയാതെ അകന്നുകഴിഞ്ഞ ശേഷം രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകനെ ജനലിന് അപ്പുറത്ത് നിന്നും കാണുന്ന സെല്‍ഫ് ഐസൊലേഷനിലുള്ള നഴ്‌സിന്റെ ചിത്രങ്ങള്‍ ഹൃദയം തകര്‍ക്കുന്നു. താന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് കൊറോണാവൈറസ് കേസ് സ്ഥിരീകരിച്ചതോടെയാണ് ഏപ്രില്‍ 1ന് നഴ്‌സ് ഷാര്‍ലെറ്റ് കോള്‍ ആ ബുദ്ധിമുട്ടേറിയ തീരുമാനം കൈക്കൊണ്ടത്. മകന്‍ ജോര്‍ജ്ജിനെ ലങ്കാഷയറിലുള്ള മാതാപിതാക്കളുടെ സംരക്ഷണയിലേക്ക് മാറ്റുക. 

ഏഴ് കെയര്‍ ഹോമുകളില്‍ സേവനം നല്‍കുന്ന ഷാര്‍ലെറ്റും, ഡാറ്റാ അനലിസ്റ്റായ ഭര്‍ത്താവ് ഡാനിയേലും കീ വര്‍ക്കര്‍മാരുടെ വിഭാഗത്തില്‍ വരുന്നവരാണ്. 'ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു അത്. ഒരു അമ്മയും ആ അവസ്ഥ നേരിടാന്‍ ആഗ്രഹിക്കില്ല. എന്നാല്‍ ഹോമുകളിലെ അന്തേവാസികള്‍ക്കും, ചില സഹജീവനക്കാര്‍ക്കും വൈറസ് ലക്ഷണങ്ങള്‍ കണ്ടതോടെ മറ്റ് വഴികളുണ്ടായില്ല. എന്ത് കൊണ്ടാണ് അവനെ മാറ്റിനിര്‍ത്തുന്നതെന്ന് മകന് പിടികിട്ടിയിട്ടില്ല. ജനലിലൂടെയെങ്കിലും അവനെ കാണാമെന്നത് പോസിറ്റീവായി കരുതുന്നു. ഒരിക്കലും കാണാന്‍ കഴിയാത്ത അവസ്ഥയിലും നല്ലത് ഇതാണ്', കുഞ്ഞിനെ വീട്ടുകാരെ ഏല്‍പ്പിച്ച ഷാര്‍ലെറ്റ് വിശദീകരിക്കുന്നു. 

കുഞ്ഞിനെ സുരക്ഷിതമാക്കിയെങ്കിലും മകള്‍ അപകടത്തിന്റെ മുനമ്പിലാണെന്ന് രക്ഷിതാക്കള്‍ ഭയക്കുന്നു. ഷാര്‍ലെറ്റ് ജോലിക്ക് പോകുമ്പോള്‍ ആശങ്കയാണെന്ന് അമ്മ ബ്രിഡ്‌ജെറ്റ് പറയുന്നു. പക്ഷെ ഇത് തന്റെ ഡ്യൂട്ടിയാണെന്ന് മകള്‍ അമ്മയെ സമാധാനിപ്പിക്കും. ചെറുപ്പം മുതല്‍ തന്നെ നഴ്‌സാകാനാണ് മകള്‍ ആഗ്രഹിച്ചതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നത് തുടരാനാണ് ഷാര്‍ലെറ്റ് ആളുകളോട് ആവശ്യപ്പെടുന്നത്. കീ വര്‍ക്കേഴ്‌സ് രാജ്യത്തെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ ത്യാഗം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതൊന്നും കാര്യമാക്കാതെ ചിലര്‍ നടക്കുന്നത് അനുവദിക്കാന്‍ പാടുള്ളതല്ല, ഷാര്‍ലെറ്റ് പറഞ്ഞു. 

ബ്രിഡ്‌ജെറ്റിന്റെ അയല്‍വാസിയായ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പീറ്റ് ആഷ്ടണാണ് വികാരപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേംബ്രിഡ്ജ് ഡച്ചസ് നേതൃത്വം നല്‍കുന്ന ഹോള്‍ഡ് സ്റ്റില്‍ കോമ്പറ്റീഷനില്‍ ചിത്രം ഇടംപിടിച്ചിട്ടുണ്ട്. 
കൂടുതല്‍വാര്‍ത്തകള്‍.