Breaking Now

കോട്ടയത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം ; കൊലപാതകം കവര്‍ച്ചാ ശ്രമത്തിനിടെയെന്ന് സൂചന

മോഷണം പോയ കാര്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരന്‍ ഷാനി മന്‍സിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം ഫയര്‍ഫോഴ്‌സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്‌സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബ മരിച്ചിരുന്നു. രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയിരുന്നു

ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയിലെത്തിച്ച് തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച് പൊട്ടിച്ച നിലയിലുമായിരുന്നു.  ഇക്കാരണത്താലാണ് മോഷണ സാധ്യത പൊലീസ് സംശയിക്കുന്നത്. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.

അതേസമയം മോഷണം പോയ കാര്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ചെക്‌പോസ്റ്റുകളിലും അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി. ഇവരുടെ വീടുമായി ബന്ധപ്പെട്ടവരെയും അന്വേഷിക്കുന്നുണ്ട്. തെളിവു നശിപ്പിക്കാനാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് കരുതുന്നു. അക്രമികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന മുഹമ്മദ് സാലിക്കിന്റെ ആരോഗ്യ നില വെല്ലുവിളിയാണ്.

തിങ്കളാഴ്ച വൈകിട്ടോടെ സാലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാലിക്കിന്റെ സംസാരശേഷി തിരിച്ചു കിട്ടുന്നത് കേസില്‍ നിര്‍ണായകമാകും. രാത്രി റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തി. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ടീ സ്റ്റാള്‍ നടത്തിയിരുന്ന സാലിക്ക്, തലയിലേക്കുള്ള ഞരമ്പിന്റെ തകരാറിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. ഞരമ്പിന്റെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതോടെ ഒരു കണ്ണിന് പൂര്‍ണമായും മറ്റൊരു കണ്ണ് ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടതിനാല്‍ സാലിക്ക് പുറത്തിറങ്ങാതായി.

കടയുടെ ഉത്തരവാദിത്തം ഷീബ ഏറ്റെടുത്തു. ജീവനക്കാരെ നിര്‍ത്തിയാണ് കട നടത്തിയിരുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് കടകള്‍ അടച്ചതോടെ ഇരുവരും വീട്ടില്‍ തന്നെയായിരുന്നു. നാഗമ്പടം പള്ളിപ്പുറത്തു കാവിനു സമീപമാണ് ഇവരുടെ തറവാട്. വര്‍ഷങ്ങളായി ഇവര്‍ താഴത്തങ്ങാടിയില്‍ താമസമായിട്ട്. മകള്‍ മക്‌സകത്തിലുള്ള ഷാനി സുധീര്‍ എത്തുമെന്നാണ് അറിയുന്നത്.

 
കൂടുതല്‍വാര്‍ത്തകള്‍.