CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 40 Seconds Ago
Breaking Now

ബിസിനസ്സ് സെക്രട്ടറി അലോക് ശര്‍മ്മ രോഗബാധിതനായി കോമണ്‍സില്‍; മൂക്ക് ചീറ്റി, വിയര്‍ത്ത് ബില്‍ വായിച്ചുതീര്‍ത്ത ശര്‍മ്മ നേരെ ഐസൊലേഷനിലേക്ക്; കൊവിഡ്-19 ടെസ്റ്റും നടത്തി; പാര്‍ലമെന്റിലെത്തിയ എംപിമാര്‍ക്ക് പണികിട്ടുമോ?

ലക്ഷണങ്ങള്‍ കാണിച്ച അലോക് ശര്‍മ്മയ്ക്ക് കൊവിഡ്-19 ടെസ്റ്റ് നല്‍കിയതായി അദ്ദേഹത്തിന്റെ വക്താവ്

കോമണ്‍സില്‍ ബില്‍ റീഡിംഗ് നടത്താനെത്തിയ ബിസിനസ്സ് സെക്രട്ടറി അലോക് ശര്‍മ്മ കൊവിഡ്-19 ബാധിതനാണെന്ന് സംശയം ഉയര്‍ന്നതോടെ ആശങ്ക അറിയിച്ച് എംപിമാര്‍. സഭയിലെത്തിയ ശര്‍മ്മ മൂക്കൂചീറ്റുകയും, വിയര്‍ക്കുകയും, ശ്വാസം വിടാന്‍ ബുദ്ധിമുട്ട് പ്രകടമാക്കുകയും ചെയ്തതോടെ ഇദ്ദേഹത്തെ കൊറോണാവൈറസ് ഐസൊലേഷനിലേക്ക് മാറ്റി. കൊവിഡ്-19 ടെസ്റ്റിംഗിന് വിധേയനായതോടെ രോഗം സ്ഥിരീകരിക്കാന്‍ ഫലത്തിനായി കാത്തിരിക്കുകയാണ് അലോക് ശര്‍മ്മ. 

സ്വന്തം പാര്‍ട്ടിയുടെ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചാണ് ശര്‍മ്മ സഭയിലെ ഡെസ്പാച്ച് ബോക്‌സില്‍ എത്തിയതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. സംസാരിച്ച് കൊണ്ടിരിക്കെ ബുദ്ധിമുട്ടുകള്‍ ഏറിവന്നതോടെ കണ്ണട മാറ്റി വിയര്‍പ്പ് തുടച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. കൊറോണാവൈറസ് ലക്ഷണങ്ങള്‍ ഉള്ളവര്‍ അടിയന്തരമായി ഐസൊലേറ്റ് ചെയ്യണമെന്നാണ് നിബന്ധന. വിര്‍ച്വല്‍ സംവിധാനങ്ങള്‍ തകരാറിലായതോടെ ചേംബറിലേക്ക് എല്ലാ എംപിമാരും എത്തിച്ചേര്‍ന്ന ദിവസമാണ് ഈ സംഭവം. 

ലക്ഷണങ്ങള്‍ കാണിച്ച അലോക് ശര്‍മ്മയ്ക്ക് കൊവിഡ്-19 ടെസ്റ്റ് നല്‍കിയതായി അദ്ദേഹത്തിന്റെ വക്താവ് വിശദീകരിച്ചു. 'ചേംബറില്‍ കോര്‍പറേറ്റ് ഗവര്‍ണന്‍സ് & ഇന്‍സോള്‍വന്‍സി ബില്ലിന്റെ സെക്കന്‍ഡ് റീഡിംഗ് നടത്തുന്നതിനിടയില്‍ സ്‌റ്റേറ്റ് സെക്രട്ടറി അലോക് ശര്‍മ്മയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങി. ചട്ടങ്ങള്‍ അനുസരിച്ച് കൊറോണ ടെസ്റ്റ് നടത്തി വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറി', ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 

പാര്‍ലമെന്റിലെ സഹ അംഗങ്ങള്‍ ശര്‍മ്മയുടെ രോഗം ഭേദമാകാനായി ആശംസകള്‍ അയച്ചെങ്കിലും മറ്റുള്ളവരെ കൂടി സെക്രട്ടറി അപകടത്തിലേക്ക് തള്ളിവിട്ടെന്ന ആരോപണവും ഉയരുന്നുണ്ട്. കോമണ്‍സ് ചര്‍ച്ചയില്‍ അംഗം നില്‍ക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഡെസ്പാച്ച് ബോക്‌സ് വൃത്തിയാക്കേണ്ടതായി വന്നു. പ്രസംഗത്തിനിടെ ബുദ്ധിമുട്ട് പ്രകടിപ്പിച്ച ശര്‍മ്മയ്ക്ക് പ്രതിപക്ഷത്ത് നിന്ന് എഡി മിലിബന്ദ് ഒരു ഗ്ലാസ് വെള്ളം നല്‍കി. ശര്‍മ്മ പോസിറ്റീവായി മാറിയാല്‍ എന്‍എച്ച്എസ് കോണ്ടാക്ട് ട്രേസര്‍മാര്‍ മിലിബന്ദിനെയും ബന്ധപ്പെട്ട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.