Breaking Now

ഈലിംഗില്‍ ഇന്ത്യക്കാരന്റെ കൊലപാതകം; പ്രതികളെ പൊക്കാന്‍ 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ്; ജീവിതം തകര്‍ത്ത് ചലനമറ്റ അവസ്ഥയിലാക്കിയ പ്രതികള്‍ സ്വതന്ത്രരായി കറങ്ങുന്നു?

ജീവിതത്തിന്റെ അവസാന 18 മാസം ചലനമറ്റ്, അനങ്ങാനോ, സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു രാജ്

ഇന്ത്യന്‍ വംശജനായ രാജേഷ് വര്‍മ്മയുടെ കൊലപാതകത്തില്‍ അന്വേഷണം പുനരാരംഭിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ്. ലണ്ടന്‍ ബറോ ഈലിംഗില്‍ വെച്ചാണ് 2003-ല്‍ ഈസ്റ്റ് ആഫ്രിക്കന്‍ വംശജരെന്ന് കരുതുന്ന പ്രതികള്‍ക്ക് ഇദ്ദേഹത്തിന് നേരെ അക്രമം അഴിച്ചുവിട്ടത്. ആക്ഷന്‍ പാര്‍ക്കില്‍ വെച്ച് അന്ന് 42 വയസ്സുണ്ടായിരുന്ന രാജേഷ് വര്‍മ്മയ്ക്ക് നേരിട്ട അക്രമത്തില്‍ തലച്ചോറിന് ഗുരുതര പരുക്കേറ്റു. 2018 മെയ് 27നാണ് അദ്ദേഹം മരണമടഞ്ഞത്. 

2018 ജൂണില്‍ നടത്തിയ സ്‌പെഷ്യല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 2003-ലെ അതിക്രമവും, മരണവും തമ്മില്‍ നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിച്ചത്. 2019 നവംബറില്‍ വെസ്റ്റ് ലണ്ടന്‍ കൊറോണേഴ്‌സ് കോടതിയില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ കുറ്റകരമായ കൊലയാണ് നടന്നതെന്ന് തീര്‍ച്ചപ്പെടുത്തി. ഈ വര്‍ഷം മാര്‍ച്ചിലാണ് കേസ് കൊലപാതകമായി കണക്കാക്കി അന്വേഷണം ആരംഭിച്ചത്. സ്‌കോട്ട്‌ലണ്ട് യാര്‍ഡിലെ സ്‌പെഷ്യലിസ്റ്റ് ക്രൈം കമ്മാന്‍ഡാണ് അന്വേഷണം നയിക്കുന്നത്. 

രാജേഷ് വര്‍മ്മയുടെ കൊലപാതകത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന വിവരങ്ങള്‍ നല്‍കിയാല്‍ 20,000 പൗണ്ട് പാരിതോഷികമാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷന്‍ ഹൈ സ്ട്രീറ്റില്‍ ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 'ഒരു കൂട്ടം ആളുകള്‍ നടത്തിയ ക്രൂരമായ അക്രമത്തിനിടെ ഗാര്‍ഡന്‍ ഷിയര്‍ ഉപയോഗിച്ച് തലയില്‍ കുത്തേല്‍ക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഒത്തുതീര്‍ക്കാന്‍ ഇടപെട്ടപ്പോഴാണ് രാജിന് അക്രമം നേരിട്ടത്. ആക്ടന്‍ ഏരിയയിലെ പ്രദേശവാസികളാണ് പ്രതികളെന്നാണ് കരുതുന്നത്. ഇവര്‍ ഇപ്പോഴും ഇവിടെ താമസിക്കുകയോ, ബന്ധമുള്ളവരോ ആണ്', ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ വിക്കി ടണ്‍സാല്‍ പറഞ്ഞു. 

ഈ ഞെട്ടിക്കുന്ന കുറ്റകൃത്യത്തെക്കുറിച്ച് വീമ്പിളക്കിയവര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. രാജിന്റെ കൊലപാതകിയെ തിരിച്ചറിയാന്‍ നിങ്ങളുടെ കോളിനായി കാത്തിരിക്കുന്നു, അതിനായാണ് 20,000 പൗണ്ട് പാരിതോഷികം നല്‍കുന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു. 2003-ലെ അക്രമത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയാക്കി ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് രാജ് നേരിട്ടത്. തലയ്‌ക്കേറ്റ കുത്താണ് ഇതിന് കാരണമായത്. 2015-ല്‍ ഹൃദയാഘാതം ഉണ്ടായതോടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം കുറഞ്ഞത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ജീവിതത്തിന്റെ അവസാന 18 മാസം ചലനമറ്റ്, അനങ്ങാനോ, സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു രാജ്. 

തങ്ങളുടെ ജീവിതത്തില്‍ ഈ അക്രമത്തിന്റെ പ്രത്യാഘാതം കനത്തതായിരുന്നുവെന്ന് ഭാര്യ റോമാ വര്‍മ്മ പറഞ്ഞു. മക്കള്‍ക്ക് 11, 13 വയസ്സുള്ളപ്പോള്‍ നടന്ന അക്രമം ജീവിതം കീഴ്‌മേല്‍ മറിച്ചു. അദ്ദേഹം ഞങ്ങളെ പരിചരിച്ചത് പോലെ വീട്ടില്‍ അദ്ദേഹത്തെ പരിചരിച്ചു, റോമ പറയുന്നു. 
കൂടുതല്‍വാര്‍ത്തകള്‍.