CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 33 Seconds Ago
Breaking Now

കുടിയേറ്റ നിയമങ്ങള്‍ അട്ടിമറിക്കാന്‍ വ്യാജ വിവാഹം; ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ സോളിസിറ്ററുടെ സേവനം അവസാനിപ്പിച്ച് ട്രിബ്യൂണല്‍ വിലക്ക്; 13000 പൗണ്ട് നല്‍കിയാല്‍ വിവാഹം കഴിപ്പിച്ച് യുകെയില്‍ തങ്ങാനുള്ള എളുപ്പവഴിയെന്ന് ഉപദേശിച്ചത് വിനയായി

13000 പൗണ്ട് നല്‍കിയാല്‍ പേപ്പര്‍ വര്‍ക്ക്, വിസ, മാര്യേജ് സര്‍ട്ടിഫിക്കറ്റ്, വധു എന്നിവരെ നല്‍കാമെന്നും അലി

കുടിയേറ്റ നിയമങ്ങള്‍ അട്ടിമറിക്കാനുള്ള എളുപ്പവഴി ഉപദേശിച്ച സോളിസിറ്ററുടെ പണിതെറിച്ചു. വ്യാജ വിവാഹം കഴിച്ച് യുകെയില്‍ സ്ഥിരതാമസത്തിന് അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുന്നതായി മനസ്സിലാക്കാതെ പോയതാണ് സുല്‍ഫീഖര്‍ അലിഖ് വിനയായത്. പാകിസ്ഥാന്‍ കുടിയേറ്റക്കാരനെന്ന് അവകാശപ്പെട്ട് എത്തിയ റിപ്പോര്‍ട്ടറോടാണ് 13000 പൗണ്ട് ഇറക്കിയാല്‍ പുതിയ വധുവിനെ ഒപ്പിച്ച് നല്‍കാമെന്നും, യുകെയില്‍ സ്ഥിരതാമസം ആക്കാമെന്നും അലി വാഗ്ദാനം ചെയ്തത്. 

വ്യാജവിവാഹമാണ് രാജ്യത്ത് തുടരാനുള്ള എളുപ്പവഴിയെന്നാണ് സുല്‍ഫീക്കര്‍ അലി വ്യക്തമാക്കിയത്. വിവാഹം ഒറിജിനല്‍ തന്നെയെന്ന് ഹോം ഓഫീസ് അധികൃതരെ വിശ്വസിപ്പിക്കാനുള്ള തന്ത്രങ്ങളും താന്‍ ഉപദേശിക്കാമെന്ന് സോളിസിറ്റര്‍ ഓഫര്‍ ചെയ്തു. സംഭവങ്ങള്‍ പുറത്തുവന്നതോടെ അലിയുടെ നിയമസ്ഥാപനത്തിന് പൂട്ടുവീണു. ഇപ്പോള്‍ ബെനഫിറ്റില്‍ കഴിയുന്ന ഇയാള്‍ക്ക് സോളിസിറ്റേഴ്‌സ് ഡിസിപ്ലിനറി ട്രിബ്യൂണല്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഐടിവി ഡോക്യുമെന്ററിയുടെ ഭാഗമായാണ് അണ്ടര്‍കവര്‍ റിപ്പോര്‍ട്ടര്‍ അലിയുടെ ലണ്ടനിലുള്ള ഇസഡ്എ സോളിസിറ്റേഴ്‌സ് ലിമിറ്റഡില്‍ എത്തിയത്. തന്റെ സ്റ്റുഡന്റ് വിസ ആറ് മാസത്തിനുള്ളില്‍ തീരുമെന്ന് പരാതിപ്പെട്ടായിരുന്നു റിപ്പോര്‍ട്ടര്‍ അലിയെ കണ്ടത്. രക്ഷിതാക്കള്‍ക്ക് താന്‍ യുകെയില്‍ തുടരണമെന്നാണ് താല്‍പര്യം, എന്നാല്‍ ഇതിന് വഴികളില്ലെന്നും സ്റ്റുഡന്റ് വിസ പുതുക്കി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. 

തന്റെ വ്യാജ ക്ലൈന്റിന് കാമുകി ഇല്ലെന്ന് മനസ്സിലാക്കിയ അലി ഒരു ഡിഗ്രി നേടുന്നതോ, അല്ലെങ്കില്‍ അഭയാര്‍ത്ഥിത്വം തേടുകയോ ചെയ്യുകയോ ആണ് വഴിയെന്ന് ഉപദേശിച്ച ശേഷമാണ് വ്യാജ വിവാഹമെന്ന മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്. വധുവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്നും, ഇവര്‍ പാകിസ്ഥാനില്‍ പോകണമെന്നില്ലെന്നും പറഞ്ഞ സോളിസിറ്റര്‍ ഹോം ഓഫീസിനെ പറ്റിക്കാനുള്ള തന്റെ ബുദ്ധിവൈഭവത്തെക്കുറിച്ചും വീമ്പിളക്കി. വ്യാജ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്ന അഞ്ചോ, ആറോ സോളിസിറ്റര്‍മാരില്‍ ഒരാളാണ് താനെന്നും അലി വ്യക്തമാക്കി.

13000 പൗണ്ട് നല്‍കിയാല്‍ പേപ്പര്‍ വര്‍ക്ക്, വിസ, മാര്യേജ് സര്‍ട്ടിഫിക്കറ്റ്, വധു എന്നിവരെ നല്‍കാമെന്നും അലി പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഡിവോഴ്‌സ് ചെയ്ത് ചെയ്ത് താമസം ഉറപ്പാക്കാമെന്ന് അലി വ്യക്തമാക്കി. നല്ല ഉദ്ദേശത്തില്‍ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന അലിയുടെ വാദം ട്രിബ്യൂണല്‍ തള്ളി. ഭാവിയില്‍ ജോലി ചെയ്യുന്നത് വിലക്കിയതിന് പുറമെ 26500 പൗണ്ട് ചെലവുകള്‍ അടയ്ക്കാനും ഉത്തരവിട്ടു.   




കൂടുതല്‍വാര്‍ത്തകള്‍.